Pravasimalayaly

സ്വപ്നയ്ക്കു തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കില്ല, ഹര്‍ജി തള്ളി

കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് വിധി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. 

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് കേസ് എടുത്തത് എന്നും പ്രതികാര നടപടിയാണ് ഇതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചത്. 

എന്നാല്‍ യാതൊരു തെളിവും ഇല്ലാതെയാണ് സ്വ്പന ആരോപണം ഉന്നയിച്ചതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Exit mobile version