സ്വീഡനെ തകർത്ത് യുക്രൈൻ യൂറോ കപ്പിന്റെ ക്വാർട്ടറിൽ

0
49

120 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിൽ സ്വീഡനെ തകർത്ത് യുക്രൈൻ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ആർട്ടെം ഡോവ്ബിക്കിലൂടെയാണ് യുക്രൈൻ വിജയ ഗോൾ നേടിയത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു യുക്രൈന്റെ ജയം. 99-ാം മിനിറ്റിൽ ഡിഫൻഡർ മാർക്കസ് ഡാനിയെൽസൻ ചുവപ്പുകാർഡ് കണ്ട് പുറത്ത് പോയത് സ്വീഡന് തിരിച്ചടിയായി. യുക്രൈൻ താരം ബെസെഡിനെതിരായ കടുത്ത ഫൗളിനായിരുന്നു ചുവപ്പുകാർഡ്. ആദ്യം മഞ്ഞക്കാർഡുയർത്തിയ റഫറി വാർ പരിശോധിച്ച ശേഷം ഡാനിയെൽസന് മാർച്ചിങ് ഓർഡർ നൽകുകയായിരുന്നു. ഇതിനു പിന്നാലെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീക്കാൻ സ്വീഡൻ താരങ്ങൾ ശ്രമിച്ചെങ്കിലും ഒടുവിൽ യുക്രൈൻ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു. ക്വാർട്ടറിൽ കരുത്തരായ ഇംഗ്ലണ്ടാണ് യുക്രൈന്റെ എതിരാളികൾ. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഇരു ടീമും മികച്ച അവസരങ്ങൾ സൃഷ്ടിച്ച മത്സരത്തിൽ യുക്രൈനാണ് ആദ്യം മുന്നിലെത്തിയത്. 27-ാം മിനിറ്റിൽ സിൻചെങ്കോയാണ് അവർക്കായി സ്കോർ ചെയ്തത്. സ്റ്റെപനെങ്കോ തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. സ്റ്റെപനെങ്കോയിൽ നിന്ന് പന്ത് ലഭിച്ച യാർമൊലെങ്കോ നൽകിയ ക്രോസ് സിൻചെങ്കോ കരുത്തുറ്റ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. സ്വീഡൻ ഗോൽകീപ്പർ റോബിൻ ഓൾസന്റെ കൈയിൽ തട്ടിയാണ് പന്ത് വലയിലെത്തിയത്. 43-ാം മിനിറ്റിൽ എമിൽ ഫോർസ്ബർഗിലൂടെ സ്വീഡൻ സമനില ഗോൾ കണ്ടെത്തി. ഇസാക്ക് നൽകിയ പന്ത് പിടിച്ചെടുത്ത ഫോർസ്ബർഗിന്റെ 25 മീറ്റർ അകലെ നിന്നുള്ള ഷോട്ട് സബാർനിയുടെ കാലിൽ തട്ടി ദിശമാറി യുക്രൈൻ ഗോൽകീപ്പർ ബുഷ്ചന് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു. ടൂർണമെന്റിൽ താരത്തിന്റെ നാലാം ഗോളായിരുന്നു ഇത്. ഒരു യൂറോ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന സ്വീഡിഷ് താരമെന്ന നേട്ടവും ഇതോടെ ഫോർസ്ബർഗ് സ്വന്തമാക്കി. മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ യുക്രൈൻ മികച്ച ഒരു അവസരം സൃഷ്ടിച്ചിരുന്നു. യാർമൊലെങ്കോയും യാരെംചുക്കും ചേർന്നുള്ള മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ യാരെംചുക്കിന്റെ ഷോട്ട് സ്വീഡൻ ഗോൾകീപ്പർ ഓൾസൻ രക്ഷപ്പെടുത്തുകയായിരുന്നു. 19-ാം മിനിറ്റിൽ സ്വീഡിഷ് താരം ഇസാക്കിനും ലക്ഷ്യം കാണാനായില്ല. 30-ാം മിനിറ്റിൽ ലാർസൻ എടുത്ത ഫ്രീകിക്ക് ബുഷ്ചാൻ രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം പകുതിയിലും ഇരു ടീമും മികച്ച ആക്രമണ ഫുട്ബോൾ തന്നെ കാഴ്ചവെച്ചു. 55-ാം മിനിറ്റിൽ യാർമൊലെങ്കോയുടെ പാസിൽ നിന്നുള്ള സിഡോർചുക്കിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടടുത്ത മിനിറ്റിൽ സ്വീഡന്റെ ഫോർസ്ബർഗിന്റെ ഷോട്ടും പോസ്റ്റിലിടിച്ച് മടങ്ങി. 66-ാം മിനിറ്റിൽ കുലുസെവ്സ്കിയുടെ ഗോളെന്നുറച്ച ഒരു ലോങ്റേഞ്ചർ ബുഷ്ചാൻ രക്ഷപ്പെടുത്തി. 69-ാം മിനിറ്റിൽ വീണ്ടും ഫോർസ്ബർഗിനെ നിർഭാഗ്യം പിടികൂടി.

Leave a Reply