സ്വീഡനെ മറികടന്ന് യുക്രൈന്‍ യൂറോ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്‌കോട്ട്‌ലന്‍ഡിലെ ഹാംപ്‌ഡെന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുക്രൈയിന്റെ ജയം.
ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരം അധിക സമയത്തേക്കു നീണ്ടു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണു യുക്രൈയിനെ നേരിടുക. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുമെന്നിരിക്കെ അവസാന മിനിറ്റില്‍ ആര്‍തെം ഡോബികിലൂടെ യുക്രൈന്‍ മുന്നിലെത്തി. നേരത്തേ 27-ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ സിന്‍ചെങ്കോയിലൂടെ യുക്രൈന്‍ ആദ്യം മുന്നിലെത്തി. ഒന്നാംപകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എമില്‍ ഫോസ്‌ബെര്‍ഗിലൂടെ സ്വീഡന്‍ സമനില പിടിച്ചു.
കളി പരുക്കനായതോടെ അധിക സമയത്ത് സ്വീഡിഷ് താരം മാര്‍കസ് ഡാനിയേല്‍സണ്‍ ചുവപ്പ് കാര്‍ഡ് മടങ്ങി. ഒരാള്‍ കുറഞ്ഞതു സ്വീഡന്റെ മുന്നേറ്റത്തെ ബാധിച്ചു. പന്തടക്കത്തില്‍ ഒപ്പംനിന്ന ഇരുടീമുകളും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തു. സ്വീഡന്റെ കോച്ച് യാന്‍ ഒലോഫ് ആന്‍ഡേഴ്‌സണ്‍ 4-4-2 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. യുക്രൈന്‍ കോച്ച് ഇതിഹാസ താരം കൂടിയായ ആന്ദ്രെ ഷെവ്‌ചെങ്കോ 3-5-2 ഫോര്‍മേഷനും പരീക്ഷിച്ചു. ആദ്യ 10 മിനിറ്റില്‍ തന്നെ രണ്ടു ഗോള്‍മുഖത്തും പന്തെത്തി. 11-ാം മിനിറ്റില്‍ യറെംചുക്കിന്റെ തകര്‍പ്പന്‍ ഷോട്ട് സ്വീഡിഷ് ഗോള്‍ കീപ്പര്‍ റയാന്‍ ഓല്‍സെന്‍ വിഫലമാക്കി.
27-ാം മിനിറ്റില്‍ യുക്രൈന്‍ അക്കൗണ്ട് തുറന്നു. വലതുവിങില്‍നിന്നു യര്‍ മൊലെങ്കോ ബോക്‌സിലേക്കു നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യാതെനിന്ന സിന്‍ചെഞ്ചോ തകര്‍പ്പനൊരു വോളിയിലൂടെ വലയിലേക്കു അടിച്ചുകയറ്റി. ഓല്‍സന്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ തട്ടി വലയ്‌ക്കുള്ളില്‍ കയറി. 43-ാം മിനിറ്റില്‍ സ്വീഡന്‍ സമനില പിടിച്ചു. 25 വാര അകലെനിന്നു ഫോസ്‌ബെര്‍ഗ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് സബാര്‍നി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദേഹത്ത് തട്ടി വലയില്‍ കയറി. ഗോള്‍കീപ്പര്‍ ഹെന്റിച്ച് ബുഷാനന് കാഴ്‌ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാംപകുതിയിലും ഇരുടീമും തകര്‍ത്തു കളിച്ചു. 55-ാം മിനിറ്റില്‍ സിഡോര്‍ചുക്കിന്റെ ഷോട്ട് പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സ്വീഡനവും ഗോള്‍ പോസ്‌റ്റ് വിലങ്ങായി. 69-ാം മിനിറ്റില്‍ ഫോസ്‌ബെര്‍ഗിന്റെ തകര്‍പ്പന്‍ ഷോട്ട് ഒരിക്കല്‍ക്കൂടി ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. അതോടെ നിശ്‌ചിത സമയം 1-1 ന് അവസാനിച്ചു. 99-ാം മിനിറ്റില്‍ സ്വീഡന്റെ വിജയ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് ഡാനിയേല്‍സണ്‍ ചുവപ്പ് കാര്‍ഡ് കണ്ടു.
ബെസെഡിനെ ഗുരുതരമായി ഫൗള്‍ ചെയ്‌ത താരത്തിനു റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. ആദ്യ ഗോളടിച്ച സിന്‍ചെങ്കോയായിരുന്നു വിജയ ഗോളിനു വഴിയൊരുക്കിയത്. ഇടതു വിങില്‍നിന്നു സിന്‍ചെങ്കോ നല്‍കിയ മനോഹരമായ ക്രോസ് കരുത്തുറ്റ ഹെഡറിലൂടെ ഡോബിക്ക് ലക്ഷ്യത്തിലെത്തിച്ചു.