പീരുമേട്
30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പീരുമേട് ഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാർ എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യൂസഫ് റാവുത്തർ അറസ്റ്റിൽ. ഡി വൈ എസ് പി വി ആർ രവികുമാറിന്റെ നേതൃത്വത്തിൽ ഉള്ള വിജിലൻസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ഭൂരഹിതരായ ദലിത് ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് പീരുമേട്. ജില്ലയിലെ ഭൂമി പ്രശ്നങ്ങളിൽ സങ്കീർണ്ണമായ പ്രധാന പ്രതിസന്ധി അഴിമതിക്കാരും സ്വജനപക്ഷക്കാരുമായ ഉദ്യോഗസ്‌ഥരാണ്. വൻകിട മാഫിയകൾക്ക് ഭൂമി തീറെഴുതി നൽകാൻ പണക്കൊതിയന്മാരായ ഉദ്യോഗസ്‌ഥർ തയ്യാറാവുന്നു.
ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിച്ച് ജില്ലയിലെ ദലിത് ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) പീരുമേട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ വില്ലേജ് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു.



വാഗമൺ വില്ലേജിലെ പട്ടയങ്ങളിലെ സർവേ നമ്പറിലെ പിശക് പരിശോധിച്ച് പരിഹരിക്കുന്നതിനും പുതിയതായി ഭൂമി പതിവിനായി ആവശ്യമായ ഉദ്യോഗസ്‌ഥരെ നിയമിക്കണമെന്നും ജില്ല കളക്ടറുടെ ആവശ്യപ്രകാരം ഒരു വർഷത്തേയ്ക്ക് ജോലി ക്രമീകരണ വ്യവസ്ഥയിൽ ലാൻഡ് റവന്യു കമ്മീഷണർ അനുമതി നൽകികൊണ്ട് 15-09-2015 ൽ സി 3.71/2000 കത്ത് പ്രകാരം നിയമിതരായിട്ടുള്ള 29 ഓളം ഉദ്യോഗസ്‌ഥർ പീരുമേട് താലൂക്കിൽ നിയമിച്ചിരുന്നു. എന്നാൽ ഈ നിയമനം ലഭിച്ച ഉദ്യോഗസ്‌ഥർ കൃത്യനിർവഹണം നടത്താഞ്ഞതിനാലാണ് പട്ടികജാതിക്കാർക്ക് ഭൂമി നഷ്ടമായെതെന്നും കേരള സർക്കാരിന്റെ 30-10-2017 ലെ 35735/A2/2015 റവന്യു സർക്കുലറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കാതെയാണ് പീരുമേട് താലൂക്കും വാഗമൺ വില്ലേജ് ഓഫീസും പ്രവർത്തിയ്ക്കുന്നതെന്നും എന്ന് സി എസ് ഡി എസ് പീരുമേട് താലൂക്ക് പ്രസിഡന്റ് കെ വി പ്രസാദ് ആരോപിച്ചു
പീരുമേട്ടിലെ പട്ടികജാതിക്കാർക്ക് ഭൂമി നിഷേധിച്ചുകൊണ്ടും വൻകിട കൈയേറ്റക്കാർക്കും ഭൂ ഉടമകൾക്കും പണം വാങ്ങി പട്ടയം വിതരണം ചെയ്ത പണക്കൊതിയനെ നിയമത്തിന് മുന്നിൽ എത്തിയ്ക്കാൻ കഴിഞ്ഞത് സമരത്തിന്റെ വിജയമാണെന്നും
ജില്ലയിൽ ദലിതർക്കും ആദിവാസികൾക്കും ഭൂമി നൽകാതെ കോർപ്പറേറ്റുകൾക്ക് കൈക്കൂലി വാങ്ങി ഭൂമി തീറെഴുതുന്ന അഴിമതിക്കാർക്കുള്ള മറുപടിയാണ് ഈ അറസ്റ്റ് എന്നും കെ വി പ്രസാദ് പറഞ്ഞു.
