വെട്രിവേൽ യാത്ര: ബി ജെ പി അധ്യക്ഷൻ അറസ്റ്റിൽ

0
52

ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ എൽ.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ വെട്രിവേൽ യാത്രയുമായി മുന്നോട്ടുപോയതിനാണ്തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ച് എൽ.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവർത്തരേയും അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മുരുകൻ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ബി.ജെ.പി. വെട്രിവേൽ യാത്ര നടത്തിയത്. യാത്രക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ സർക്കാർ അനുമതിയില്ലെങ്കിലും പ്രശ്നമില്ല മുരുകൻ അനുമതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞാണ് ബി.ജെ.പി യാത്ര ആരംഭിച്ചത്.ഒരു ഭക്തൻ എന്ന നിലയിൽ മരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാൻ ആർക്കും കഴിയില്ലെന്ന് തിരുത്തണി മുരുകൻ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോൾ എൽ.മുരുകൻ പറഞ്ഞു. ഇന്ന് രാവിലെ എൽ.മുരുകന്റെ വീട്ടിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുത്തണിയിലേക്ക് അഞ്ചുവാഹനങ്ങൾക്ക് മാത്രമാണ് പോലീസ് അനുമതി നൽകിയത്. എന്നാൽ ഈ നിബന്ധന ബി.ജെ.പി. അംഗീകരിച്ചില്ല.അനുമതി ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് പോലീസ് യാത്ര തടയുകയും എൽ.മരുകൻ ഉൾപ്പടെയുളളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ഥലത്ത് ചെറിയതോതിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. ആറുജില്ലകളിൽ നിന്നെത്തിയ 1200-ഓളം പോലീസുകാർ തിരുത്തണി മുരുകൻ ക്ഷേത്രത്തിന് മുന്നിൽ സുരക്ഷയൊരുക്കിയിരുന്നു. മുരുകനെ സ്തുതിക്കുന്ന കൃതിയെ കളിയാക്കി കറുപ്പർകൂട്ടമെന്ന പെരിയാറിസ്റ്റ് ഗ്രൂപ്പ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിൽ മതനിന്ദ ആരോപിച്ച് ബി.ജെ.പിയും മറ്റു സംഘപരിവാർ സംഘടനകളും രംഗത്തുവന്നിരുന്നു. ആ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുരുകനെ സംരക്ഷിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി വെട്രിവേൽ യാത്ര ബി.ജെ.പി സംഘടിപ്പിച്ചത്. വെള്ളിയാഴ്ചമുതൽ ഡിസംബർ ആറുവരെയാണ് ബി.ജെ.പി. സംസ്ഥാനത്ത് വെട്രിവേൽ യാത്രയ്ക്ക് പദ്ധതിയിട്ടത്. ബി.ജെ.പി. പ്രഖ്യാപിച്ചിരുന്ന വെട്രിവേൽയാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം മുൻനിർത്തി വലിയ ആൾക്കൂട്ടങ്ങൾ അനുവദിക്കാനാകില്ലെന്നാണ് അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന യാത്ര തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജിയെത്തിയത്. സാമുദായികവികാരം ഇളക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്രയെന്നും ഇതു ക്രമസമാധാനനില തകരാറിലാക്കുമെന്നും കോവിഡ് പടരുന്നതിന് കാരണമാകുമെന്നും ഹർജിക്കാർ ആരോപിച്ചു. മതസമ്മേളനങ്ങൾക്ക് വിലക്കില്ലെന്നും ശാരീരികാകലം പാലിക്കണമെന്നുമാത്രമാണ് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിരിക്കുന്നതെന്നും ബി.ജെ.പി.ക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞെന്നാണ് സർക്കാർ പറയുന്നത്. യാത്രയ്ക്കിടയിൽ ഒരിടത്തും തങ്ങുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടും വേൽയാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി. വാദിച്ചു. എന്നാൽ, ഇതംഗീകരിക്കാൻ കോടതി തയ്യാറായില്ല. 100 പേരിൽക്കൂടുതൽ പങ്കെടുക്കുന്ന യോഗങ്ങൾക്ക് 15 വരെ വിലക്കുള്ളത് ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് തീരുമാനം സർക്കാരിനുവിടുകയായിരുന്നു.

Leave a Reply