Pravasimalayaly

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു കൈമാറ്റം.

എയര്‍ ഇന്ത്യയുടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതില്‍ തികച്ചും സന്തുഷ്ടനാണെന്ന് നടരാജന്‍ പറഞ്ഞു. 69 വര്‍ഷത്തിനുശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്കു തിരിച്ചെത്തുന്നത്.

ലേല നടപടികള്‍ പൂര്‍ത്തിയാക്കി, ഒക്‌ടോബര്‍ എട്ടിനാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിനു കേന്ദ്രസര്‍ക്കാര്‍ വിറ്റത്. 18,000 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന.

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കൈമാറാനുള്ള സന്നദ്ധത സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ 2021 ഒക്ടോബര്‍ 11നു ടാറ്റ ഗ്രൂപ്പിന് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയിരുന്നു. കൈമാറ്റത്തിനുള്ള സമയപരിധി ഡിസംബര്‍ അവസാനമാണ് ആ സമയത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ആഗോള റെഗുലേറ്റര്‍മാരില്‍നിന്നുള്ള വിവിധ അനുമതികള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതു വൈകിയതിനാല്‍ കൈമാറ്റത്തിനുള്ള സമയപരിധി ജനുവരി അവസാനം വരെ നീട്ടുകയായിരുന്നു.

Exit mobile version