ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് വ്യക്തമാക്കി ജിഎസ്ടി വകുപ്പ്. പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതിയെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. ജിഎസ്ടി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് വിജ്ഞാപനം ഇറക്കിയതോടെയാണ് തിങ്കളാഴ്ച മുതല്‍ വില വര്‍ധിക്കുന്നത്.
അരിയടക്കമുള്ള ചില്ലറയായി വില്‍ക്കുന്ന ഉത്പന്നങ്ങളുടെ വില കയറുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നാലെയാണ് ജിഎസ്ടി വകുപ്പ് വ്യക്തത വരുത്തിയത്.