വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ. എ എസ് പ്രതീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഓണാഘോഷത്തിനിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതായിട്ടാണ് പരാതി. ആറ് മാസം മുമ്പ് കാലടി സെന്ററില്‍ പഠിപ്പിക്കുന്നതിനിടെ അശ്ലീലച്ചുവയുള്ള കഥകള്‍ പറഞ്ഞുവെന്ന കുട്ടികളുടെ പരാതിയില്‍ ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയ അധ്യാപകനാണ് ഡോ. എ എസ് പ്രതീഷ്. മലയാള വിഭാഗം പ്രൊഫസറായ ഡോ. എസ് പ്രിയക്കാണ് കാമ്പസ് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുന്നത്.
ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഡോ. എ എസ് പ്രതീഷ് കാംപസില്‍ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാര്‍ത്ഥിഥിനിയുമായി ഏതെങ്കിലും വിധത്തിലുള്ള സമ്പര്‍ക്കത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് കര്‍ശനമായി വിലക്ക് ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഈ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മലയാളം വകുപ്പ് അധ്യക്ഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25നാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ഒന്നിലധികം തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ക്ലാസില്‍ നടത്തുകയും പരാമര്‍ശം അസഹനീയമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.