Pravasimalayaly

സംസ്ഥാനത്ത് മായം കലർന്ന പാൽ കണ്ടെത്താൻ പരിശോധന, ഭക്ഷ്യ ക്ഷീര വകുപ്പുകൾ നടപടി തുടങ്ങി

കേരളത്തിലേക്ക് ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും മായം കലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തിയിൽ പരിശോധന തുടങ്ങി. ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുമളി ചെക്ക് പോസ്റ്റിൽ താൽക്കാലിക ലാബ് ക്രമീകരിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. 

അതിർത്തി കടന്നു വരുന്ന പാലിന്റെയും മാർക്കറ്റിൽ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടേയും ഗുണമേന്മയും സുരക്ഷിതത്വവും ഇവിടെ പരിശോധിക്കും കഴിഞ്ഞ മാസം കേരള- തമിഴ്‌നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടിയിരുന്നു. 

മീനാക്ഷിപുരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്. 12750 ലിറ്റർ പാലാണ് പിടികൂടിയത്. പാൽ കൊണ്ടു വന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. കൊഴുപ്പ് ഇതര പദാർഥങ്ങളുടെ അളവ് വർധിപ്പിക്കാനാണ് യൂറിയ കലർത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.

ഓണം ആയതിനാൽ കേരളത്തിൽ കൂടുതൽ പാൽ ചെലവാകും എന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ കേരളത്തിലെത്തും. ഇത് മുന്നിൽ കണ്ടാണ് ചെക് പോസ്റ്റ് കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. 

Exit mobile version