തണൽ മരങ്ങൾ.. ക്ലാരക്കുട്ടി ടീച്ചർ : ദീപിക ഡല്‍ഹി ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ജോണ്‍ മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നും

0
39
ജോൺ മാത്യു

കുറുപ്പുന്തറ ചന്തയില്‍ ഉണക്ക മീന്‍ വില്‍ക്കുന്നവന്‍ മുതല്‍, ലോകം അടക്കി വാണ സായിപ്പിന്റെ നാട്ടിലും, അങ്ങ് ജൊ ബൈഡന്റെ അമേരിക്കയില്‍ സുന്ദരിയായ നഴ്‌സിനെ കെട്ടി ആഡംബരത്തിന്റെ കൊടുമുടിയില്‍ മഹാരാജാവിന്റെ പ്രൗഡിയില്‍ വാഴുന്നവന്‍ വരെയുണ്ട് ക്ലാരക്കുട്ടി ടീച്ചറുടെ ശിഷ്യഗണങ്ങള്‍. തടിവെട്ടുകാര്‍, നാട്ടിലെ കള്ളുഷാപ്പില്‍ സ്ഥിരതാമസമാക്കിയവര്‍, ഓട്ടോ റിക്ഷ ഡ്രൈവര്‍, നാട്ടിന്‍പുറത്തെ ചെറിയ ക്വട്ടേഷന്‍ പരിപാടിക്കാര്‍ അങ്ങനെ ടോട്ടല്‍ കളര്‍ഫുള്ളാണ് ശിഷ്യസമ്പത്ത്.

രസകരമായ കാര്യം ഞാന്‍ പത്രപ്രവര്‍ത്തനം, ഫോട്ടോ ജേര്‍ണലിസം ഇവയൊന്നും അക്കാഡമിക്കായി പഠിച്ചിട്ടില്ല. സേവ്യറച്ചന്റെ ‘ഇന്ത്യന്‍ കറന്റ്‌സ്’ മാസികയില്‍ ഫോട്ടോഗ്രാഫറായ കാലത്ത് അച്ചന്‍ നടത്തിയ മാസ്‌കമ്മ്യൂണിക്കേഷന്‍ സ്ഥാപനത്തില്‍ നിന്നാണ്, ഹരിയാനയിലെ ഹിസ്സാറിലുള്ള ഗുരു ജാംബേശ്വര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.ജി ഡിപ്ലോമ പാസ്സാകുന്നത്, അപ്പോഴേയ്ക്കും കോഴിക്കോട്ടു നിന്നും പുറത്തിറങ്ങുന്ന ബെന്നിപുന്നത്തറ സാറിന്റെ  ‘സണ്‍ഡേ ശാലോം’ ആഴ്ചപത്രത്തില്‍ 15-വര്‍ഷം പ്രവര്‍ത്തിച്ചു, 150 ലധികം അഭിമുഖങ്ങളും ഫീച്ചറുകളും സ്വന്തം പേരില്‍ അച്ചടിച്ചു വന്നു.

കാഞ്ഞിരത്താനം സ്കൂൾ

കാഞ്ഞിരത്താനം ഹൈസ്‌കൂളില്‍ 10-ാം ക്ലാസില്‍ അവസാന ക്ലാസിന് ശേഷം ഓര്‍മ്മകളുടെ ആല്‍ബത്തിലേക്കുള്ള ഗ്രൂപ്പ് ഫോട്ടോ സെഷന്‍ നടക്കുന്ന കാലം. ഓരോ അധ്യാപകരും ഒരു ദിവസം തങ്ങളുടെ കുട്ടികളുമായി അവരുടെ ഭാവി സ്വപ്‌നങ്ങളെക്കുറിച്ചും മറ്റും ചോദിക്കാറുണ്ട്. മലയാളം അധ്യാപികയായിരുന്ന ക്ലാരക്കുട്ടി ടീച്ചര്‍ ഓരോ വിദ്യാര്‍ത്ഥികളുടെയും ക്ലാസിലെ പെരുമാറ്റം പഠനകാര്യത്തിലെ താല്‍പര്യം ഇവ പരിഗണിച്ച് ഓരോരുത്തരും ഭാവിയില്‍ ആരായിത്തീരാം എന്നു പറയാനാരംഭിച്ചു. ഞങ്ങളില്‍ പലരും കൗതുകത്തോടെ കേട്ടിരുന്നു. ടീച്ചര്‍ വളരെ ഗൗരവത്തില്‍ തന്നെയാണ് പലരെയും പറ്റി പറഞ്ഞത്. എന്റെ ഊഴം വന്നു. ‘ജോണ്‍, നീ പത്രപ്രവര്‍ത്തകനാകും..’ കൂട്ടുകാര്‍ക്കൊപ്പം ഞാനും ചിരിച്ചു, കൊള്ളാം ഞങ്ങളുടെ കുടുംബത്തില്‍ പത്രക്കാരന്‍ പോയിട്ട്, പത്രം വിതരണം ചെയ്യുന്നവര്‍ പോലുമില്ല. ആകെ അറിയാവുന്നത് അക്കാലത്തെ എല്ലാ പത്രങ്ങളുടെയും ഏജന്റായ കുറുപ്പന്തറയിലെ കുട്ടപ്പന്‍ ചേട്ടനെ. ടീച്ചര്‍ പഠിപ്പിച്ചിരുന്നത് മലയാളമാണ്, നന്നായി ലേഖനമെഴുതുന്ന വിദ്യാര്‍ത്ഥിയോട് ടീച്ചറിന് തോന്നിയ വാത്സല്യമായിരിക്കാം ഈ പ്രവചനത്തിന് കാരണം. നല്ല സാരിയുടുത്ത് തോളില്‍ ബാഗുമായി നാട്ടുവഴികളിലൂടെ നടന്ന് പോകുന്ന ക്ലാരക്കുട്ടി ടീച്ചറിനെ ആദരവോടെയും, സ്‌നേഹത്തോടെയും നോക്കി നിന്നിട്ടുണ്ട്. സമപ്രായക്കാരില്‍ നിന്നും വ്യത്യസ്ഥനായതിനാലാകണം ടീച്ചര്‍ക്കും എന്നോട് പ്രത്യേക പരിഗണന കാണിച്ചു. ടീച്ചറിന്റെ പ്രവചനം ശരിയായി.

ആശിച്ച തൊഴിലിനായി വര്‍ഷങ്ങളുടെ അലച്ചിലിനൊടുവില്‍ ഡല്‍ഹിയില്‍ ദീപികയിലെത്തുമ്പോള്‍ യൗവ്വനത്തിന്റെ 9 വര്‍ഷങ്ങളാണ് ജീവിതത്തില്‍ നിന്നും ചോര്‍ന്നു പോയത്. കോട്ടയം കാരനായ ഞാന്‍ തൊഴില്‍ തേടിയെത്തിയതും അക്ഷര നഗരിയില്‍ നിന്നുള്ള ആദ്യത്തെ ഭാഷാപത്രമായ ദീപികയില്‍. ഇന്ന് ബ്യൂറോയില്‍ അസോസ്സിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍ സര്‍, അടക്കം ഞങ്ങള്‍ 3 പേര്‍ കോട്ടയം സ്വദേശികള്‍. പ്രത്യേകം പറയേണ്ട കാര്യം ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കാന്‍ കാരണം ജോര്‍ജ് സാറാണ്. ഇംഗ്ലീഷില്‍ ഫോട്ടോക്യാപ്ഷന്‍ പാടില്ല എന്ന് അദ്ദേഹം കര്‍ശനമായി പറഞ്ഞതിനാലാണ് മലയാളത്തില്‍ കൊട്ട് പഠിച്ചത് അത് പ്രയോജനമായി.    

ജീവിത സമരത്തെ ഓര്‍ത്ത് ദു:ഖമില്ല, ഏതു നല്ല കാര്യത്തിനും നീണ്ട തയ്യാറെടുപ്പും ക്ഷമയോടെയുള്ള കാത്തിരിപ്പും ആവശ്യമാണ്. ഹൈസ്‌കൂള്‍ പഠന കാലത്താണ് ഇന്ത്യാ ടുഡേ മാസികയില്‍ വിഖ്യാത ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ ഭോപ്പാല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ മുഖം മാത്രം മണ്ണിന് വെളിയിലായ പെണ്‍കുട്ടിയുടെ ചിത്രം കാണുന്നത്, അന്ന് തീരുമാനിച്ചു ഇതായിരിക്കട്ടെ എന്റെ തൊഴില്‍.  

33 വര്‍ഷം പഴക്കമുണ്ട് പള്ളിക്കൂടം ഓര്‍മ്മകള്‍ക്ക്. ഫേസ് ബുക്ക് പോസ്റ്റ് വായിച്ച ടിച്ചറിന്റെ മകന്റെ ഭാര്യയാണ് ഫോണ്‍ നമ്പര്‍ തന്നത്.  ടീച്ചര്‍ പറഞ്ഞു, ‘ നേരിട്ട് വന്നു പറയുമ്പോഴാണ് ഞാന്‍ പഠിപ്പിച്ച പലരെയും തിരിച്ചറിയുന്നത്. ഒരിക്കല്‍ നാട്ടിലെവിടെയോ യാത്രപോകാന്‍ ഓട്ടോറിക്ഷ വിളിച്ചു, യാത്രാമധ്യേ യുവാവായ ഡ്രൈവര്‍ പറയുന്നു ടീച്ചര്‍ എന്നെ പഠിപ്പിച്ചതാണ്. പിന്നൊരുനാള്‍ നീണ്ടു നരച്ച ധാടിയും മുടിയുമുള്ള ഒരു വൈദീകന്‍ വീട്ടില്‍ കാണാന്‍ വന്നു, ടീച്ചറുടെ ശിഷ്യന്‍ തന്നെ. മറ്റൊരിക്കല്‍ വിദേശത്ത് യൂറോപ്പില്‍ മകനെയും കുടുംബത്തെയും കാണാന്‍ പോയപ്പോഴും സമാനമായ അനുഭവം ഉണ്ടായി, ഞായറാഴ്ച പള്ളിയില്‍പ്പോയി മടങ്ങവെ ടീച്ചറെ പിന്നില്‍ നിന്നും ഒരു യുവാവ് വിളിച്ചു, ശിഷ്യന്‍തന്നെ അന്ന് പ്രഭാത ഭക്ഷണം അവനൊടൊപ്പമായി, അങ്ങനെ പലരും തിരിച്ചറിഞ്ഞ് കൈപിടിക്കാനെത്തി.’

സുകൃതം ചെയ്തവരുടെ ജീവിതവഴികള്‍ അങ്ങനെയാണ്, നിഴല്‍ നിളുന്ന അതിദീര്‍ഘമായ ജീവിതയാത്രയുടെ പാതയോരത്ത് നന്ദിയുടെ സുഗന്ധം പൊഴിക്കുന്ന തണലുള്ള പൂമരമായി ചിലര്‍ അവര്‍ക്കുവേണ്ടി കാത്തിനില്‍ക്കുന്നുണ്ടാകും.

ലോകരാജ്യങ്ങളിലെല്ലാം ടീച്ചറിന്റെ പൂര്‍വ വിദ്യാര്‍ത്ഥികളുണ്ട്. അതിവിശാലമാണ് ശിഷ്യ സമ്പത്ത്, ടീച്ചര്‍ നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നു. ഇത് വായിക്കുന്നവര്‍ ടിച്ചറെ വിളിക്കണം സന്തോഷവും സ്‌നേഹവും പങ്കുവെയ്ക്കണം. ടീച്ചറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

Leave a Reply