അഗ്നിപഥിനെതിരായ പ്രതിഷേധത്തിന് ഇടയിൽ ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെയാണ് മരണം. അതിനിടെ അഗ്നിപഥ് വഴിയുള്ള റിക്രൂട്ട്മെന്റുമായി മുൻപോട്ട് തന്നെയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
റിക്രൂട്ട്മെന്റുമായി മുൻപോട്ട് പോകാൻ സേനകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട വ്യോമ സേന നടപടികൾ വെള്ളിയാഴ്ച തുടങ്ങും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയർത്തുന്നത് ആലോചിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.
പ്രതിഷേധം ശക്തമായ ബിഹാറിൽ 507 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ബിഹാറിൽ പാറ്റ്ന ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബിഹാർ ബന്ദ് ആചരിക്കുകയാണ്. പ്രതിഷേധം കൂടുതൽ ശക്തമാവാനുള്ള സാധ്യത മുൻപിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിൽ രാജ്യവ്യാപകമായി ട്രെയിൻ ഗതാഗതം താറുമാറായി. 140 പാസഞ്ചർ ട്രെയിനുകളും 94 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി.