Pravasimalayaly

മീഡിയ വണ്ണിനെ വിലക്കിയത് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം; വിലക്ക് തടഞ്ഞ ഹൈക്കോടതി വിധി തിങ്കളാഴ്ച വരെ തുടരും

മീഡിയ വണ്‍ വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.മീഡിയ വണ്ണിന് സംപ്രേക്ഷണാനുമതി നിഷേധിച്ചതിനുള്ള കാരണങ്ങള്‍ മുദ്രവെച്ച കവറില്‍  കോടതിക്ക് കൈമാറും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാല്‍ എന്ത് കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന കാരണം പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രം നിലപാടെടുത്തത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട പറയാവുന്ന എല്ലാ കാര്യങ്ങളും പറയണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ കാരണങ്ങള്‍ കൊണ്ട് അനുമതി നിഷേധിച്ചാല്‍ കാരണം പരസ്യപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി ഉത്തരവുണ്ട് എന്ന് ഹൈക്കോടതിയെ ധരിപ്പിച്ചായിരുന്നു കേന്ദ്രം വാദങ്ങള്‍ മുന്നോട്ട് നീക്കിയത്.

എന്നാല്‍ മീഡിയ വണ്ണിന് സെക്യൂരിറ്റി ക്ലിയറന്‍സ് നേരത്തെ ലഭിച്ചതാണെന്നും അത് പുതുക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്നുമായിരുന്നു മീഡിയ വണ്ണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

Exit mobile version