സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

0
201

പത്തനാപുരം: സെൽഫി എടുക്കുന്നതിനിടെ വെള്ളാറമൺ കടവിൽ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്താംക്ളാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയും കോന്നി കൂടൽ ചെമ്പിൽ പറമ്പിൽ വീട്ടിൽ മനോജിന്റെ മകളുമായ അപർണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പെൺകുട്ടി ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള പൂക്കോട്ട് കടവിൽ നിന്നുമാണ് മൃതദേഹം കണ്ടുകിട്ടിയത്. ഇന്ന് രാവിലെ ഏഴ് മണിമുതൽ ഫയർഫോഴ്‌സും സ്കൂബാ ഡൈവിംഗ് സംഘവും ഉൾപ്പടെ അപകടം നടന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റർ ദൂരം വരെ പരിശോധന നടത്തിവരുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ഫയർഫോഴ്‌സിന്റെ വള്ളത്തിൽ എത്തിക്കും.

പത്തനാപുരം വെള്ളാറമൺ കടവിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. അനുഗ്രഹയും സഹോദരനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിനവും ഒന്നിച്ചാണ് കല്ലടയാറ്റിന്റെ തീരത്ത് ഫോട്ടോയും വീഡിയോയും എടുക്കാനെത്തിയത്.

ഇതിനിടെ അപർണ ആറ്റിൽ വീഴുകയായിരുന്നു. അപർണയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മറ്റ് രണ്ടുപേരും ആറ്റിൽ വീണത്. അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപ്പെട്ടങ്കിലും അപർണ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

Leave a Reply