കെ.എസ്. ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സമയം എത്രയാണെന്ന് ചോദിച്ച് കോടതി, സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

0
35

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം എത്രയാണെന്ന് ചോദിച്ച് കോടതി. സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍പസമയത്തിനകം കേസ് വീണ്ടും പരിഗണിക്കും. കെ.എസ്. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

കെ.എസ് ശബരീനാഥന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ് ശബരീനാഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി പരിഗണിക്കും വരെ ശബരീനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ് തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിയുടെയും, സി.പി.ഐ.എമ്മിന്റെയും, ഇ.പി.ജയരാജന്റെയും ഭീരുത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ട് പോകും. ഇ.പി ജയരാജന് ഇന്‍ഡിഗോ കൊടുത്ത യാത്ര വിലക്ക് കുറഞ്ഞു പോയെന്നും കെ.എസ്. ശബരീനാഥ് പരിഹസിച്ചു. വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണ് എന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Leave a Reply