കൊച്ചി: വളരെ ഗുരുതരമായ ആരോപണമാണ് നടിയെ ആക്രമിച്ച കേസിലെ അതിജീവിത സര്‍ക്കാരിന് എതിരെ ഹൈക്കോടതിയില്‍ കൊടുത്ത പെറ്റീഷനിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം ഇടനിലക്കാരായി നിന്നുകൊണ്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു. പാതിവെന്ത കേസുമായാണ് ഹൈക്കോടതിയിലേക്ക് പൊലീസ് പോകുന്നത്. കേസുകള്‍ ഒതുക്കി തീര്‍ക്കാനായി വ്യാപകമായി സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരം നേതാക്കളുടെ പേരുവിവരം പുറത്തുവിടണം. സമാന്തര അന്വേഷണം നടത്തണം. ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും വി ഡി സതീശന്‍ ആരോപിച്ചു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും നിറവേറ്റിയിട്ടില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.
കേരളത്തെ തന്നെ ഞെട്ടിക്കുന്ന ഗൗരവതരമായ ആരോപണമാണ് ഉണ്ടായിരിക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യമാണ് നടന്നത്. കേസില്‍ സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുമെന്നാണ് കേരള സമൂഹം കരുതിയത്. എന്നാല്‍ കേസ് അന്വഷണത്തിന്റെ വഴിയില്‍ത്തന്നെ തേച്ചു മായ്ച്ചു കളയാനുള്ള ഗൂഢാലോചനയാണ് നടന്നത്. വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇല്ലെങ്കില്‍ യുഡിഎഫ് സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായെന്നാണ് നടിയുടെ ആരോപണം. കേസ് വേഗത്തില്‍ അവസാനിപ്പിക്കാനാണ് നീക്കം. തുടരന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കരുതെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമാണ് നടന്നത്. എന്നാല്‍ തുടരന്വേഷണത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായി. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള തീരുമാനമുണ്ടായതോടെയാണ് ഉന്നത ഇടപെടലുണ്ടായതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ അന്വേഷണം മരവിച്ച മട്ടിലായെന്നും നടി പരാതിപ്പെട്ടിട്ടുണ്ട്. ഇനിയും നിരവധി ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കാനുണ്ട്. ഇതു കൂടി വിശദമായി പരിശോധിച്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് മേധാവായിയിരുന്ന എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാല്‍ അന്വേഷണം അന്ത്യഘട്ടത്തിലെത്തി നില്‍ക്കെ, ശ്രീജിത്തിനെ പൊലീസ് വകുപ്പില്‍ നിന്ന് മാറ്റി, ഷേഖ് ദര്‍വേഷ് സാഹിബിനെ പകരം ക്രൈംബ്രാഞ്ച് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു.
കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിക്കുകയും ചെയ്തു. ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഇടപെടല്‍ ഉണ്ടായതെന്നാണ് ആരോപണം.