Sunday, November 24, 2024
HomeNewsKeralaമത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചത് സിമന്റ് ഗോഡൗണില്‍; 'ഇത് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പ്'; വിഴിഞ്ഞം സഭയിലുയര്‍ത്തി പ്രതിപക്ഷം

മത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചത് സിമന്റ് ഗോഡൗണില്‍; ‘ഇത് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പ്’; വിഴിഞ്ഞം സഭയിലുയര്‍ത്തി പ്രതിപക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.  കോണ്‍ഗ്രസിലെ എം വിന്‍സെന്റാണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിഴിഞ്ഞം പദ്ധതിക്കെതിരായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവും തീരശോഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം സഭയില്‍ പരാമര്‍ശിച്ചത്. 

മാസങ്ങളായി തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ സമരത്തിലാണ്. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യം എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി, സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളോട് ഒരു ആശ്വാസവാക്കുപോലും പറഞ്ഞില്ലെന്ന് വിന്‍സെന്റ് വിമര്‍ശിച്ചു. 245 കുടുംബങ്ങള്‍ കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണില്‍ ഒരു വര്‍ഷത്തോളമായി കഴിയുകയാണ്. 

മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ആ ഗോഡൗണെന്നും വിന്‍സെന്റ് പറഞ്ഞു. വളരെ ദയനീയമായ ജീവിതമാണ് അവിടെ. ഒരു മന്ത്രിമാര്‍ പോലും അവിടേക്ക് കടന്നുചെന്നിട്ടില്ല. ഏതെങ്കിലും മന്ത്രി അവിടെ ചെന്ന് അവിടെതാമസിക്കുന്നവരുടെ ദുരിതം നേരിട്ടുകാണാന്‍ തയ്യാറുണ്ടോയെന്നും വിന്‍സെന്റ് ചോദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു എന്നവകാശപ്പെടുന്നവര്‍ എന്തുകൊണ്ട് ഇവരെ തിരിഞ്ഞുപോലും നോക്കിയില്ല.  മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും വിന്‍സെന്റ് ചോദിച്ചു.

വിഴിഞ്ഞത്ത് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കി വരുന്നതായി അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പുനര്‍ഗേഹം പദ്ധതി പ്രകാരം ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു വരുന്നതായി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കും. മുട്ടത്തറയില്‍ എട്ട് ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

നിരവധി കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റുകളും മറ്റും നല്‍കി പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. ആരെയും നിര്‍ബന്ധമായി മാറ്റിപാര്‍പ്പിക്കില്ല. ക്യാമ്പില്‍ കഴിയുന്നവരെ അടിയന്തരമായി വാടകവീട്ടിലേക്ക് മാറ്റും. കടലാക്രമണത്തില്‍ വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് വാടക വീടെടുത്ത് താമസിക്കുന്നതിനായി വാടക ഇനത്തില്‍ പ്രതിമാസം 3000 രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് പ്രതിപക്ഷം പറഞ്ഞു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments