ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിധിക്കെതിരെ പൊലീസും മേൽക്കോടതിയെ സമീപിച്ചേക്കും. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പൊലീസ് നിയമോപദേശം തേടി. ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
നിയവകുപ്പ് അഡീഷണൽ സെക്രട്ടറി സുചിത്രയോടാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി നിയമോപദേശം തേടിയത്. ഇത് ലഭിച്ച് കഴിഞ്ഞാൽ ഉടൻ പൊലീസ് ആസ്ഥാനത്തേക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകും. തുടർന്ന് അപ്പീൽ നൽകണമെന്ന നിർദേശം പോലീസ് ആസ്ഥാനം സർക്കാരിനെ അറിയിക്കും.
ഇര കഴിയുന്ന മഠത്തിലെത്തി വൈക്കം ഡിവൈഎസ്പി കൂടിക്കാഴ്ച നടത്തി.ഇരയും നിയമപോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. ഇതിനിടെ കുറ്റവിമുക്തനായ ബിഷപ്പ് പിസി ജോർജിനെ വീട്ടിലെത്തി നന്ദി അറിയിച്ചിരുന്നു. പിസി ജോർജ് തുടക്കം മുതൽ ബിഷപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.