Pravasimalayaly

പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തില്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രസക്‌തി നഷ്‌ടപ്പെടുമെന്നു മോഡി

ന്യൂഡല്‍ഹി: ഭീകരവാദമാണ്‌ ഇന്നു ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ഭീകരര്‍ക്കു പിന്തുണയും സഹായവും നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരേ കൂട്ടായ നടപടി ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഓണ്‍െലെനായി നടന്ന ബ്രിക്‌സ്‌ (ബ്രസീല്‍, റഷ്യ, ഇന്ത്യ, െചെന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിലാണ്‌ അദ്ദേഹം ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒരിക്കല്‍ക്കൂടി ലോകശ്രദ്ധയില്‍ ഉന്നയിച്ചത്‌.
റഷ്യയുടെ അധ്യക്ഷതയില്‍ ബ്രിക്‌സിന്റെ ഭീകരവിരുദ്ധ നയം രൂപീകരിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. അടുത്ത വര്‍ഷം ബ്രിക്‌സ്‌ അധ്യക്ഷപദം ഏറ്റെടുക്കുന്ന ഘട്ടത്തില്‍ ഇന്ത്യ അതു മുന്നോട്ടു കൊണ്ടുപോകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
കോവിഡാനന്തര കാലഘട്ടത്തില്‍ ലോകത്തിനു വലിയ സംഭാവന നല്‍കാന്‍ സ്വയംപര്യാപ്‌ത ഭാരതം എന്ന ആശയത്തിലൂട ഇന്ത്യക്കു കഴിയും. ലോക്ക്‌ഡൗണ്‍ സമയത്ത്‌ നൂറ്റമ്പതോളം രാജ്യങ്ങള്‍ക്കു മരുന്നുകള്‍ ലഭ്യമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. വാക്‌സിന്‍ ഉല്‍പ്പാദനത്തിനും വിതരണത്തിനുമുള്ള ഇന്ത്യയുടെ ശേഷി മാനവരാശിക്കായി പ്രയോജനപ്പെടുത്തും.
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തില്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രസക്‌തി നഷ്‌ടപ്പെടുമെന്നു മോഡി മുന്നറിയിപ്പു നല്‍കി.
യു.എന്‍. രക്ഷാസമിതിയിലും രാജ്യാന്തര നാണയനിധിയിലും ലോക വ്യാപാര സംഘടനയിലുമെല്ലാം പരിഷ്‌കാരം ആവശ്യമാണെന്നു പ്രധാനമന്ത്രി മോഡി ചൂണ്ടിക്കാട്ടി.

Exit mobile version