Pravasimalayaly

സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി ഡല്‍ഹി ഓഫിസ് പരിശോധിക്കും; രഹസ്യമൊഴിയില്‍ പേരുള്ളവര്‍ക്ക് നോട്ടിസ് നല്‍കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡല്‍ഹി ഓഫിസ് നേരിട്ട് പരിശോധിക്കും. സ്വപ്നയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം രഹസ്യമൊഴിയില്‍ പേരുള്ളവര്‍ക്ക് നോട്ടിസ് നല്‍കാനാണ് അന്വേഷണ ഏജന്‍സിയുടെ തീരുമാനം.

സ്വപ്നയുടെ മൊഴിയെടുത്താല്‍ കേന്ദ്ര ഏന്‍ഫോഴ്സ്മെന്റിന് ഉടന്‍ കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എല്ലാ കേസിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സ്വപ്നയെ 2021 നവംബര്‍ 11ന് ഇ. ഡി കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ഏഴുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇക്കാര്യവും ഇഡി പുനപരിശോധിക്കുന്നുണ്ട്.

മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, സെക്രട്ടറി സി എം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവരുടേതക്കം പേരുകളാണ് സ്വപ്നയുടെ രഹസ്യമൊഴിയിലുള്ളത്. 2021ല്‍ ഇഡിക്ക് നല്‍കിയ മൊഴി രഹസ്യമൊഴിയുമായി ചേര്‍ത്തുവച്ചാണ് ഇഡി പരിശോധിച്ചത്. ഇവ രണ്ടും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നീക്കങ്ങള്‍. ഇഡിയുടെ ഡല്‍ഹി യൂണിറ്റും കൊച്ചി യൂണിറ്റും ഒരുമിച്ചാകും ഇനി അന്വേഷണവുമായി മുന്നോട്ടുപോകുക. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version