Pravasimalayaly

വിഴിഞ്ഞത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ; സമരം മൂന്നാം ദിവസവും ശക്തം

 വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസമായ ഇന്നും അക്രമാശക്തം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടത്തുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ബാരിക്കേഡുകൾ തകർത്തു സമരത്തെ എതിർത്ത പോലീസുകാർക്കെതിരെ  സമരക്കാർ പ്രതിഷേധിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇതേ മാതൃകയിൽ 31-ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം.

സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്.അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്ന് സമര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version