വിമാനത്തിലെ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് വ്യക്തമാക്കി മുന്‍ എം.എല്‍.എ കെ.എസ്. ശബരിനാഥ്. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ.എസ്. ശബരിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്.
മുഖ്യമന്ത്രിയുടെയും, സി.പി.ഐ.എമ്മിന്റെയും, ഇ.പി.ജയരാജന്റെയും ഭീരുത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ട് പോകും. ഇ.പി ജയരാജന് ഇന്‍ഡിഗോ കൊടുത്ത യാത്ര വിലക്ക് കുറഞ്ഞു പോയെന്നും അദ്ദേഹം പരിഹസിച്ചു. വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണ് എന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ശബരിനാഥന് നോട്ടീസ് നല്‍കിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരിനാഥിന്റെ പേരിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നത്.