കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷന്റെയും ടൗൺ അസിസ്റ്റന്റ് കമ്മിഷണറുടെയും അടുത്തുള്ള വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ 9 ദിവസത്തിനിടെ മൂന്നാം തവണയും മോഷണം. രാത്രി എട്ടരയോടെയായിരുന്നു സംഭവം. കഴിഞ്ഞ തവണത്തെ പോലെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് ക്ഷേത്രത്തിന് അകത്തെത്തിയത്.
കഴിഞ്ഞ തവണത്തെ മോഷ്ടാവല്ല ഇത്തവണ കടന്നതെന്നാണ് സിസിടിവി ദ്യശ്യങ്ങളിൽനിന്നു മനസ്സിലാകുന്നത്. കഴിഞ്ഞ തവണ മോഷണം പോയ ശേഷം വാങ്ങിയ വിളക്കുകൾ ഉൾപ്പെടെ ഇത്തവണ കവർന്നു. ഇതെല്ലാം ചാക്കിൽ നിറച്ചാണ് മോഷ്ടാവ് കൊണ്ടുപോയത്. അര മണിക്കൂറോളം മോഷ്ടാവ് ഇവിടെ ഉണ്ടായിരുന്നെന്നും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ 5ന് രാത്രിയും പുലർച്ചെയുമായാണു മോഷണം നടന്നത്. അന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭ്യമായിരുന്നെങ്കിലും പൊലീസിന് മോഷ്ടാവിനെ പിടികൂടാനായില്ല. ഒരു പവൻ തൂക്കമുള്ള താലിമാല, 18000 രൂപ എന്നിവയാണു നേരത്തേ നഷ്ടമായത്.