യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനില്‍ നിന്നുള്ള 25 മലയാളികളടക്കം 240 പേര്‍ വിമാനത്തിലുണ്ട്. ഇതോടെ മൂന്ന് വിമാനങ്ങളിലായി ഇതുവരെ 709 പേരെ നാട്ടിലെത്തിച്ചു. ഇതില്‍ 81 പേര്‍ മലയാളികളാണ്. യുക്രൈന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്.
രക്ഷാദൗത്യത്തിലെ രണ്ടാമത്തെ വിമാനം റൊമേനിയയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെ ഡല്‍ഹിയിലെത്തിയിരുന്നു. 29 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് രണ്ടാം ഘട്ടത്തില്‍ വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി.
ഇതില്‍ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേര്‍ വിമനത്താവളത്തില്‍ നിന്ന് നേരെ കൊച്ചിയിലേക്ക് പോയി. തിരുവനന്തപുരത്തേക്ക് ഉള്ളവര്‍ വൈകീട്ടാവും ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കുക. തിരികെ എത്തിയ മലയാളികളില്‍ ഒരാള്‍ ഡല്‍ഹിയിലാണ് താമസം.