Sunday, January 19, 2025
HomeNewsതിരുപ്പതി ക്ഷേത്രത്തിനു വ്യവസായിയുടെ കാണിക്ക; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവാള്‍

തിരുപ്പതി ക്ഷേത്രത്തിനു വ്യവസായിയുടെ കാണിക്ക; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവാള്‍

ഹൈദരാബാദ്: തിരുപ്പതി വെങ്കടേശ്വരന് വ്യവസായി നല്കിയ കാണിക്ക കേട്ടാൽ അത്ഭുതപ്പെടും.ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ വാള്‍ കാണിക്കയായി സമർപ്പിച്ച് ഹൈദരാബാദിലെ വ്യവസായി. അഞ്ച് കിലോഗ്രാം ഭാരമുള്ള വാൾ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തതാണ്. രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിർമിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ പറഞ്ഞു. സൂര്യകഠാരി ഇനത്തിൽപ്പെട്ട വാളാണ് ലഭിച്ചത്.

വ്യവസായിയും ഭാര്യയും ചേര്‍ന്ന് തിങ്കളാഴ്ച വാള്‍ ക്ഷേത്രത്തിന് കൈമാറി. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധർമ റെഡ്ഡിയാണ് വാള്‍ ഏറ്റുവാങ്ങിയത്. തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ ഇയാള്‍ കഴിഞ്ഞ വര്‍ഷം തന്നെ വാള്‍ സമര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊറോണ വ്യാപനം കാരണം ആഗ്രഹം നിറവേറ്റാനായില്ല. കോയമ്പത്തൂരിലെ പ്രശസ്തനായ സ്വര്‍ണപ്പണിക്കാരാണ് വാള്‍ നിർമിച്ചത്. ആറുമാസക്കാലമെടുത്താണ് വാളിന്റെ നിർമാണം പൂർത്തിയാക്കിയത്.

ഇതാദ്യമായല്ല ഇത്രയും വിലകൂടിയ സ്വർണ വാള്‍ ഒരാള്‍ വെങ്കിടേശ്വരന് സമര്‍പ്പിക്കുന്നത്. 2018 ല്‍ തമിഴ്നാട്ടിലെ തേനിയില്‍ നിന്നുള്ള ഒരു പ്രശസ്ത തുണി വ്യാപാരിയായ തങ്ക ദുരൈ സമാനമായ ഒരു വാള്‍ സമര്‍പ്പിച്ചിരുന്നു. ആറ് കിലോ സ്വര്‍ണം കൊണ്ട് തയ്യാറാക്കിയിയ വാളിന് ഏകദേശം 1.75 കോടി രുപയാണ് മൂല്യം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments