Pravasimalayaly

കോര്‍പ്പറേഷന്‍ തിരുത്തുന്നു; ഓണസദ്യ വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കും

ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരുത്തുന്നു. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോര്‍പ്പറേഷന്‍ പിന്‍വലിക്കും. സംഭവത്തില്‍ ഏഴു സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും നാലു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

”അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അല്ലാതെ പണിഷ്മെന്റല്ല. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ മാറിനില്‍ക്കട്ടെയെന്നാണ് തീരുമാനിച്ചത്.” ജീവനക്കാരുടെ മറുപടിയില്‍ അവ്യക്തയുണ്ടായിരുന്നതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ഓണാഘോഷ ദിവസം ജോലി ചെയ്യിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സ്വന്തം പണം കൊടുത്തു വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ വലിച്ചെറിഞ്ഞത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ തൊഴിലാളികളെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയര്‍ന്നിരുന്നു. ഭക്ഷണത്തോട് അപമര്യാദയോടെയുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞത്.

അതേസമയം തൊഴിലാളികളെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം രംഗത്തെത്തി. ഓണസദ്യ മാലിന്യക്കുപ്പയില്‍ എറിഞ്ഞത് ന്യായീകരിക്കാനാകില്ലെങ്കിലും, തൊഴിലാളികള്‍ക്കെതിരെ ഏകപക്ഷീയമായ നടപടി പിന്‍വലിക്കണമെന്ന് സിപിഎം, സിഐടിയു ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Exit mobile version