Pravasimalayaly

ഇതാവണം നിയമപാലകന്‍….. വണ്ടന്‍മേട് സിഐ നവാസിന്റെ  ഇടപെടല്‍ ശ്രദ്ധേയമാകുന്നു

കാമുകനുവേണ്ടി ഭര്‍ത്താവിനെ ബലിയാടാക്കാന്‍ ശ്രമിച്ച വനിതാ പഞ്ചായത്തംഗത്തെ കുടുക്കിയത് പോലീസിന്റെ അവസരോചിത ഇടപെടല്‍ ഇടുക്കി: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനെ വന്‍ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയ വനിതാ പഞ്ചായത്ത് അംഗത്തിനെ കൃത്യമായ ഇടപെടലിലൂടെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത് ആര്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന വാക്യം കൃത്യമായി പാലിച്ച ഒരു നിയമപാലകന്റെ ശക്തമായ ഇടപെടലാണ് കൃത്യമായി പറഞ്ഞാല്‍ വനിതാ പഞ്ചായത്ത് അംഗത്തെ പിടികൂടാന്‍ ഇടയായത്. ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് മെമ്പര്‍ സൗമ്യയാണ് സ്വന്തം ഭര്‍ത്താവ് സുനിലിനെ കുടുക്കാന്‍ വേണ്ടി കാമുകനൊപ്പം ഗൂഡ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഭര്‍ത്താവിന്റെ ഇരുചക്രവാഹനത്തില്‍ നിന്നും വന്‍ ലഹരി മരുന്ന് പിടിച്ചെടുത്ത വാര്‍ത്ത അറിഞ്ഞിട്ടും പഞ്ചായത്തംഗത്തിന് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. എന്നു മാത്രമല്ല ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാനായി ഇവരെ വിളിച്ചുവരുത്തിയപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് ഉള്ള കുറ്റങ്ങളായിരുന്നു ഇവരുടെ സംസാരിത്തലേറെയും. താനും ഭര്‍ത്താവും തമ്മിലുള്ള പ്രായവ്യത്യാസം ഉള്‍പ്പെടെയുള്ളവയായിരുന്നു അവര്‍ പോലീസിനോട് പരിഭവമായി പറഞ്ഞുകൊണ്ടിരുന്നത്. ഇത് കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആശ്ചര്യപ്പെട്ടു. സ്വന്തംഭര്‍ത്താവ് കേസില്‍ പെട്ടപ്പോള്‍ ഇക്കാര്യങ്ങളാണ് ഭാര്യ പോലീസിനോട് പറയേണ്ടത്.സുനിലിനെ പോലീസ് പലതവണ ചോദ്യം ചെയ്തിട്ടും അയാളില്‍ നിന്നും ഒരു തുമ്പും കിട്ടിയില്ലെന്നു മാത്രമല്ല ഒരു കട്ടന്‍ ബീഡി പോലും വലിക്കുന്ന വ്യക്തിയല്ലെന്നു പോലീസിനു വ്യക്തമായി. പള്ളിക്കാരുടെ സഹായത്താല്‍ നിര്‍മിച്ച ഒരു ചെറിയ വീട്ടിലാണ് സുനില്‍ താമസം. കൂലിപ്പണിക്കു പോയി തിരികെ വീട്ടിലെത്തി സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കിനടക്കുന്ന ഒരു സാധാരണക്കാരന്‍. സുനില്‍ മയക്കുമരുന്ന് കടത്തിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ അയല്‍വാസികളായ ആരും വിശ്വസിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ പല തവണ നാട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും എല്ലാവര്‍ക്കും സുനിലിനെക്കുറിച്ച് പറയാന്‍ നല്ലതുമാത്രം. ഇതിനിടെ അയല്‍വാസികളുടെ ചില വാക്കുകള്‍ പോലീസിനു തുമ്പായി. വീട്ടില്‍ സുനിലും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്നും ഭാര്യവീട്ടുകാര്‍ ശത്രുവിനെപ്പോലെയാണ് സുനിലിനെ കണ്ടിരുന്നതെന്നും. ഇതോടെ പോലീസിനു ചില സംശയങ്ങള്‍ തോന്നി. എന്നാല്‍ തുടര്‍ന്ന് രണ്ടുദിവസം സൗമ്യയെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്ന മറുപടികള്‍ ആണ് ലഭിച്ചത്. സുനിലിന്റെ ഇരുചക്രവാഹനത്തില്‍ നിന്നും മാരക ലഹരി വസ്തു പിടികൂടി രണ്ടു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ഉണ്ടാവാതായതോടെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന ഘട്ടമെത്തി. എന്നാല്‍ അപ്പോഴും കേസ് അന്വേഷിക്കുന്ന വണ്ടന്‍മേട് സി.ഐ സുനിലിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. മൂന്നാം ദിനം ഈ സംഭവവുമായി ബന്ധപ്പെട്ട ഒരാളുടെ ഫോണ്‍ സംഭാഷണമാണ് പോലീസിനു തുമ്പായത്. ഇയാളുടെ സംഭാഷണത്തിലെ പന്തികേട് തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ലഹരി മരുന്നു കടത്തില്‍ സൗമ്യയുടെ പങ്കാളിത്തം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതായി പറഞ്ഞു. കൂടുതല്‍ സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നുഈ പരീക്ഷണം. ഇതോടെ പോലീസിന് എല്ലാ കാര്യങ്ങളും അറിയാമെന്ന വിചാരത്തില്‍ വിളിച്ച ആള്‍ സൗമ്യയ്ക്ക് പറ്റിയ അബദ്ധമായിരുന്നു എന്നു പറഞ്ഞു. തുടര്‍ന്ന് കിളി പറയുമ്പോലെ കഥകള്‍ മൊത്തം അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചു. കൂടാതെ ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ സൗമ്യയുടെ കാമുകന്‍ വിദേശത്തു നിന്നും വിളിച്ച് സഹായം തേടിയിരുന്നു. അക്കാര്യം ആ നേതാവും അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതോടെയാണ് അറസ്റ്റ് വേഗത്തിലായത്.

Exit mobile version