കൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡിൽ ഇടിച്ച് മൂന്നു മൽസ്യത്തൊഴിലാളികൾ മരിച്ചു. ഒരു ബൈക്കിലാണു മൂന്നു പേരും സഞ്ചരിച്ചത്. പരവൂർ തെക്കുംഭാഗം ചില്ലയ്ക്കൽ സ്വദേശികളായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണു മരിച്ചത്.
പുലർച്ചെ മൂന്നിനു ശേഷമാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തിയത്. റോഡിന്റെ വശത്ത് കടൽകയറാതിരിക്കാൻവേണ്ടി അടുക്കിവച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
മൂന്നുപേരും മീൻ എടുക്കുന്നതിനായി കൊല്ലം ശക്തികുളങ്ങര ഭാഗത്തേക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഇവർ പുലർച്ചെയാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.