Pravasimalayaly

മൂന്ന് ഫുട്ബോൾ അക്കാദമികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കായിക വകുപ്പിന് കീഴില്‍ 3 ഫുട്‌ബോള്‍ അക്കാദമികൾ ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായിക യുവജന കാര്യ സെക്രട്ടറി ഡോ:ഷർമിള മേരി ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു,കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സികുട്ടൻ മുഖ്യപ്രഭാഷണവും,ഡയറക്ടർ കായിക യുവജന കാര്യാലയം ജെറോമിക് ജോർജ് കൃതജ്ഞതയും രേഖപെടുത്തി.കായിക-യുവജനകാര്യ ഡയറക്ടറേറ്റിന്റെ രണ്ട് അക്കാദമികള്‍ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ അക്കാദമി എറണാകുളത്തുമാണ് തുടങ്ങിയത്. കണ്ണൂര്‍, എറണാകുളം അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായാണ്. 

തിരുവനന്തപുരത്ത് ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് സ്‌കൂളിലുമാണ് ഡയറക്ടറേറ്റിന്റെ എലൈറ്റ് റസിഡന്‍ഷ്യല്‍ അക്കാദമികള്‍. പനമ്പിള്ളി നഗര്‍ സ്‌റ്റേഡിയത്തിലാണ് സ്‌പോട്‌സ് കൗണ്‍സിലിന്റെ വനിതാ ഫുട്‌ബോള്‍ അക്കാദമി പരിശീലിക്കുക. 

പൊഫഷണല്‍ ക്ലബുകളുമായി സഹകരിച്ചാണ് ജി. വി. രാജ, കണ്ണൂര്‍ സ്‌പോട്‌സ് സ്‌കൂളുകളില്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കുക. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും അക്രഡിറ്റഡ് അക്കാദമികളായി ഇവയെ വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി 3 ടീമുകള്‍ (അണ്ടര്‍ 14, 17, 20) ഡയറക്ടറേറ്റിന്റെ അക്കാദമികളില്‍ ഉണ്ട്. സ്‌പോട്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോടൊപ്പം കായികവകുപ്പ് നടത്തുന്ന ഗ്രാസ്‌റൂട്ട് പരിശീലന പദ്ധതിയായ കിക്കോഫില്‍ മികവ് തെളിയിക്കുന്ന കുട്ടികളെ കൂടി അക്കാദമിയില്‍ ഉള്‍പ്പെടുത്തും. രണ്ട് സ്‌കൂളുകളിലെയും മികച്ച പൂര്‍വവിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫുട്‌ബോളര്‍മാരും ഉള്‍പ്പെടുന്നതാകും സീനിയര്‍ (അണ്ടര്‍ 20) ടീം. 

ഉന്നതനിലവാരവും പരിചയസമ്പത്തുമുളള പരിശീലകര്‍ക്കും ടെക്‌നിക്കല്‍ ഡയറക്ടര്‍ക്കുമൊപ്പം ടീം മാനേജര്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഫിറ്റ്‌നസ് ട്രെയിനര്‍ എന്നിവര്‍ അക്കാദമിയുടെ ഭാഗമാണ്. സ്‌പോട്‌സ് സയന്‍സിന് ഊന്നല്‍ നല്‍കുന്നതാണ് പരിശീലന പദ്ധതി. ന്യൂട്രിഷ്യനിസ്റ്റിന്റെ സഹായത്തോടെ ശാസ്ത്രീയമായ ഡയറ്റ് പ്ലാനും തയ്യാറാക്കും. 
ഓരോ കുട്ടിയുടേയും പ്രകടനവും പുരോഗതിയും വിലയിരുത്താന്‍ ഡാറ്റാ മാനേജ്‌മെന്റ് ആന്റ് അനാലിസിസ് പ്ലാറ്റ്‌ഫോമും ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബാണ് ജി വി രാജ അക്കാദമിയുമായി സഹകരിക്കുന്നത്.

2017 ല്‍ കായിക വകുപ്പ് ഏറ്റെടുത്ത ജി വി രാജ സ്‌പോട്‌സ് സ്‌കൂള്‍ നവീകരണത്തിലൂടെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞദിവസം 8 സ്‌ട്രെയിറ്റ് ലൈനുമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ലോംഗ് ജംപ് പിറ്റും ഉദ്ഘാടനം ചെയ്തിരുന്നു.
ഫിഫ നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫ്, സിന്തറ്റിക് ഹോക്കി കോര്‍ട്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, 2 ബോക്‌സിങ്ങ് റിംഗ്, സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ എന്നിവ ആറു മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. 
ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാനും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ഇന്‍ട്രാക്ടീവ് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് ഉപകരണങ്ങള്‍, പുതിയ ഫര്‍ണിച്ചര്‍ എന്നീ സൗകര്യങ്ങളും ഒരുക്കി. ഹോസ്റ്റലുകളും നവീകരിച്ചു. ഫുട്‌ബോള്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
കണ്ണൂര്‍ സ്‌പോട്‌സ് സ്‌കൂളിലേയും കായികവകുപ്പിന് കീഴിലുളള കൂത്തുപറമ്പ്, മട്ടന്നൂര്‍, തലശ്ശേരി സ്റ്റേഡിയങ്ങളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കണ്ണൂര്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുക. നിലവിലെ ഐ ലീഗ്, ഇന്ത്യന്‍ വിമന്‍സ് ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരള ഫുട്‌ബോള്‍ ക്ലബാണ് കണ്ണൂരിലെ വനിതാ ഫുട്‌ബോള്‍ അക്കാദമിയുമായി സഹകരിക്കുന്നത്.
പനമ്പിള്ളി നഗറിലെ സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ വനിതാ ഫുട്‌ബോള്‍ അക്കാദമിയില്‍  14 വയസ്സിനു താഴെയുള്ള 20 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം. ഫുട്്‌ബോള്‍ രംഗത്തെ വിദഗ്ധരാണ് കുട്ടികളെ തെരഞ്ഞെടുത്തത്. 
വിദഗ്ധ കോച്ചുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. മിടുക്കരായ ടെക്‌നിക്കല്‍ ടീമും ഒപ്പമുണ്ടാകും. കുട്ടികള്‍ക്ക് പനമ്പിള്ളി നഗര്‍ സ്‌റ്റേഡിയത്തിനടുത്തു തന്നെ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Exit mobile version