പി ടി തോമസ് പൂക്കളര്‍പ്പിയ്ക്കരുതെന്ന് പറഞ്ഞു ; പൊതുദര്‍ശനത്തില്‍ പൂക്കള്‍ക്കായി തൃക്കാക്കര നഗരസഭ ചിലവഴിച്ചത് 1.19 ലക്ഷം രൂപ

0
279

കൊച്ചി: പൂക്കളര്‍പ്പിക്കരുത് എന്ന് മരിക്കും മുമ്പ് നിര്‍ദ്ദേശം നല്‍കിയ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന പി.ടി.തോമസിന്റെ പേരിലും തൃക്കാക്കര നഗരസഭയില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത്. നഗരസഭ സംഘടിപ്പിച്ച തൃക്കാക്കരയിലെ പൊതുദര്‍ശനത്തിന്റെ പേരില്‍ 1,27,000 രൂപയുടെ പൂക്കള്‍ വാങ്ങിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 117000 രൂപ പൂക്കള്‍ നല്‍കിയ കച്ചവടക്കാരന് കൈമാറുകയും ചെയ്തു. തറയില്‍ വിരിയ്ക്കാനുള്ള കാര്‍പറ്റ്,മൈക്ക്സെറ്റ്,ഭക്ഷണം തുടങ്ങിയ ഇനങ്ങള്‍ക്കായി ആകെ നാലര ലക്ഷം രൂപയാണ് ചിലവഴിച്ചിരിയ്ക്കുന്നത് .ഇതില്‍ ഭക്ഷണത്തിന് മാത്രം ചിലവ് 35000 രൂപ.

പി.ടിയുടെ അന്ത്യാഭിലാഷം ലംഘിച്ച നഗരസഭാ ഭരണ സമിതി പി.ടിയെ അനാദരവ് കാട്ടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രത്യേക പദ്ധതിയില്ലാതെ ഭരണസമിതിയ്ക്ക് ഇത്രയധികം തുക ചെലവഴിയ്ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുദര്‍ശനത്തിനായി ചിലവാക്കിയ തുകയുടെ കണക്കുകള്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പരിശോധിച്ചശേഷം അമിതമായി എഴുതിയെടുത്ത പണം ഉത്തരവാദികളില്‍ നിന്ന് തിരിച്ച് പിടിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വകരിയ്ക്കണമെന്ന് പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൃതശരീരരത്തില്‍ പൂക്കളോ പുഷ്പചക്രമോ അര്‍പ്പിയ്ക്കരുതെന്ന് മാത്രമേ പി ടി അന്ത്യാഭിലാഷമായി വ്യക്തമാക്കിയിരുന്നുള്ളൂ എന്ന് ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ പ്രതികരിച്ചു.പൊതു ദര്‍ശന ഹാള്‍ അലങ്കരിയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകമല്ല. അര്‍ഹിയ്ക്കുന്ന ആദരവ് നല്‍കി പി.ടി.യെ യാത്ര അയയ്ക്കുക എന്ന കടമയാണ് നഗരസഭ നിര്‍വ്വഹിച്ചത്.അജിത തങ്കപ്പന്‍ പറഞ്ഞു.

Leave a Reply