ഒരു മാസത്തെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണത്തിന് തൃക്കാക്കക്കരയില്‍ കൊടിയിറങ്ങി. കോട്ട കാക്കാമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫും യു.ഡി.എഫിനെ വീഴ്ത്തുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫും വിജയപ്രതീക്ഷ ഒട്ടും കൈവിടാതെ ബി.ജെ.പിയും പ്രചാരണരംഗത്ത് സജീവമായിരുന്നു. ക്രെയിനിലേറിയാണ് ജോ ജോസഫ് എത്തിയത്.
അവസാനഘട്ടത്തില്‍ നേതാക്കളെത്തിയത് കൊട്ടിക്കലാശത്തിന്റെ ആവേശം വര്‍ധിപ്പിച്ചു. ഉമാ തോമസിന് വേണ്ടിയുള്ള പ്രചാരണത്തിനായി നടന്‍ പിഷാരടിയും എത്തിച്ചേര്‍ന്നിരുന്നു. പാലാരിവട്ടത്ത് എത്തിച്ചേര്‍ന്ന റോഡ്ഷോ കൃത്യം ആറു മണിക്ക് തന്നെ അവസാനിച്ചു.ഇന്ന് രാവിലെ എട്ട് മണിയോടെ ജോ ജോസഫിന്റെ റോഡ് ഷോ ആരംഭിച്ചിരുന്നു. മന്ത്രി പി. രാജീവാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്. ബൈക്ക് റാലിയുമായായിരുന്നു യു.ഡി.എഫിന്റെ റോഡ് ഷോ. മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെയാണ് റാലി കടന്നു പോയത്.
ബി.ജെ.പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങിയിരുന്നു. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നു സമാപിച്ചത്. എ.എന്‍ രാധാകൃഷ്ണനായി പി.സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തിയിരുന്നു.