കൊച്ചി: മണ്ഡലത്തെ ഇളക്കിമറിച്ച് ഒരു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ക്ലൈമാക്സ് ആവേശമാക്കാനാണ് മുന്നണികളുടെ ശ്രമം. ഏറെ രാഷ്ടീയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പ് സംസ്ഥാന – ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും സ്ഥാനാർഥികൾ. പി സി ജോർജും നാളെ മണ്ഡലത്തിൽ എത്തും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളിയാണ് പി സി ജോർജ് എത്തുക. എൻഡിഎ സ്ഥാനാർഥിക്ക് ഒപ്പം രാവിലെ എട്ടര മുതൽ പ്രചാരണത്തിന് ഇറങ്ങും.
ഇടത് സ്ഥാനാർഥിയുടെ വ്യാജ വീഡിയോ വിവാദം മുറുകെ പിടിച്ചായിരുന്നു സിപിഎമ്മിന്റെ അവസാന ദിനങ്ങളിലെ പ്രാചരണങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ട് നേതൃത്വം കൊടുത്തതോടെയാണ് പ്രചാരണം ചൂട് പിടിച്ചത്. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും എത്താനുള്ള ഓട്ടത്തിലാണ് മുന്നണികൾ.
പാലാരിവട്ടത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്തായിരിക്കും കൊട്ടിക്കലാശം. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം. ചൊവ്വാഴ്ചയാണ് തൃക്കാക്കരയുടെ നാല് വർഷത്തെ ജനപ്രതിനിധിയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിന്.