തൃക്കാക്കരയില്‍ പി. ടിയുടെ പകരക്കാരന്‍ ആര് ? ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസമെന്ന് സൂചന

0
235

കൊച്ചി: പി. ടി. തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പു നേരത്തെയാകുമെന്നു സൂചന. സാധാരണ നിലയില്‍ ആറു മാസത്തിനുള്ളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തി ഒഴിവ് നികത്തിയാല്‍ മതി. എന്നാല്‍ മാര്‍ച്ച് ആദ്യം നടത്തുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍ ഒഴിവുള്ള മുഴുവന്‍ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പും നടത്തുവാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

അടുത്ത മാസം ഉപ തിരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുന്നത്. വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ വേളയില്‍ സ്വീകരിച്ചിരുന്നു. പേരു ചേര്‍ക്കാന്‍ അവസരം നഷ്ടപ്പെട്ടവര്‍ക്കും ശേഷിക്കുന്നവരുണ്ടെങ്കില്‍ ഒരവസരം കൂടിനല്‍കും. പി. ടി.തോമസിന്റെ നിര്യാണം മൂലം തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഒഴിവു വന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം ചീഫ് ഇലക്ടല്‍ഓഫിസര്‍ക്കു സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

പഞ്ചായത്ത് അസി.ഡയറക്ടറാണ് തൃക്കാക്കര നിയമസഭ മണ്ഡലത്തിന്റെ വരണാധികാരി. പോളിങ് ബൂത്തുകളും വോട്ടിങ് യന്ത്രങ്ങളും സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു. ഉപ തിരഞെഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ജില്ലാ തലത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അടുത്ത മാസം ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ബജറ്റ് അവതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. ഇതു മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പിനു നടപടി തുടങ്ങിയിട്ടുണ്ട്. നിയമപ്രകാരം തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിനു ജൂണ്‍ അവസാനം വരെ സമയമുണ്ട്.

Leave a Reply