രജീഷ് നിരഞ്ജൻ
അര മണിക്കൂറുണ്ടോ മാറ്റിവയ്ക്കാൻ? ഉദ്വേഗമുണർത്തുന്നൊരു ഹ്രസ്വചിത്രമുണ്ട് യൂട്യൂബിൽ. കെട്ടിലും മട്ടിലും സിനിമയുടെ “ലുക്കുള്ള” ചെറിയൊരു ത്രില്ലർ- റൂഹ്; ഒട്ടും ബോറടിപ്പിക്കാത്ത മിനിസിനിമ.
കോട്ടയം ബസേലിയോസ് കോളേജിലെ പൂർവവിദ്യാർഥികളായ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്മയാണ് ഈ ചെറുചലച്ചിത്രക്കൂട്ടിന് പിന്നിൽ പ്രവർത്തിച്ചത്. ഹരീഷ് ഗോപിയാണ് രചനയും സംവിധാനവും. സിനിമാ അങ്ങാടിയുടെ ബാനറിൽ സഞ്ജു ഗോപാൽ, വിജോ വർഗീസ് എന്നിവർ ചേർന്നാണ് നിർമാണം. സിനിമയുടെ അഴകളവുകളുള്ള ഈ കുട്ടിപ്പടം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
തികച്ചും വ്യത്യസ്തമായൊരു കാഴ്ചയാണ് റൂഹ്. പുതുമയുള്ള ഇതിവൃത്തം. സസ്പെൻസ്, ഡ്രാമ, ഇമോഷൻ തുടങ്ങിയ രസക്കൂട്ടുകളെല്ലാമുണ്ട്. ബാലു മുരളീധരനാണ് ക്രിയേറ്റീവ് ഡയറക്ടർ.
ഛായാഗ്രഹണം പ്രശാന്ത്.
മുഹമ്മദ് സാലി,വി.കെ. നൈനാൻ, കലാമണ്ഡലം സ്വപ്ന നായർ, മിഥുൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഹ്രസ്വചിത്രങ്ങളിലെ പരിചിത മുഖമാണ് സാലി.
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ W.W. ജേക്കബ്സിൻ്റെ “ദി മങ്കീസ് പോ” എന്ന വിഖ്യാത ഹൊറർ കഥയുടെ മലയാള ഹ്രസ്വചിത്രാവിഷ്കാരമാണ് റൂഹ്. സംവിധായകൻറെ കുപ്പായം തനിക്ക് നന്നായി ഇണങ്ങുമെന്ന് ചിത്രത്തിലൂടെ ഹരീഷ് ഗോപി കാട്ടിത്തരുന്നു. മലയാള ഭാഷയ്ക്കും മലയാളി പ്രേക്ഷകരുടെ അഭിരുചിയ്ക്കുമൊത്ത വിധമാണ് പകർന്നാട്ടമൊരുക്കിയിരുക്കുന്നത്.
ഒരു യാഥാസ്ഥിതിക കുടുംബത്തിലേക്ക് പാതിരാത്രി കടന്നുവരുന്ന റൂബൻ എന്ന പട്ടാളക്കാരൻ (മുഹമ്മദ് സാലി) കൊണ്ടുവരുന്ന സമ്മാനപ്പൊതി തുറക്കുന്നിടത്താണ് ചിത്രത്തിൻ്റെ സസ്പെൻസ്.
അരുൺ അനിയപ്പനാണ് സഹസംവിധായകൻ. സി.ആർ.ശ്രീജിത്ത് എഡിറ്റിങ്ങും ഗ്രാഫിക്സും നിർവഹിച്ചിരിക്കുന്നു. ബിജിഎം ഒരുക്കിയത് ജോയ് ജിനിത്. പ്രൊഡക്ഷൻ കൺട്രോളർ- അവിനാഷ് ഗോപി. ശബ്ദ മിശ്രണം ശ്യാം പ്രതാപും സഹായി അർച്ചന രമേശും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ചമയം- വി. അനൂപ്, നിഷാദ് കോലടി സഖ്യം. പ്രൊഡക്ഷൻ ഡിസൈനർ- വിശ്വാസ് ശ്രീധർ. ബിബിൻ എം. ബാബു- പരസ്യകല. അനന്തു ബിനു (അസോസിയേറ്റ് എഡിറ്റർ). രാജീവ് എം.ജി, സരോഷ് കളത്തിപ്പറമ്പിൽ(നിർമാണ സഹായികൾ), റിജോ ജോസഫ് (സെക്കൻ്റ് യൂണിറ്റ് ക്യാമറാ) ബെനറ്റ്, ടിൻ്റോ, അഖിൽ (ക്യാമറാ സഹായികൾ), തുടങ്ങിയവരാണ് മറ്റ് അണിയറക്കാർ.