Pravasimalayaly

തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് ഫ്രാൻസിസ് ജോർജ്

മൂന്നാർ: തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സി.പി.എമ്മും ഓർക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ ഫ്രാൻസിസ് ജോർജ്. ഇടുക്കി എം പി ഡീൻ കുര്യക്കോസ് നടത്തിയ സമരയാത്രയുടെ മുന്നാറിൽ നടന്ന സമാപന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോൾ ധൂർത്തും സി പി എം നേതാക്കളുടെ ബന്ധുക്കളെ വഴിവിട്ട് നിയമിക്കുകയും ചെയുക വഴി സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തുകയാണ്. യൂത്ത് കമ്മീഷൻ അധ്യക്ഷയായ സി പി എം നേതാവിൻ്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നത്. പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടി. എത്ര ലാഘവത്വത്തോടെയാണ് സർക്കാർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.

നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധിയെന്നും ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി .

Exit mobile version