Pravasimalayaly

ഉദ്ഘാടനത്തിന് പിന്നാലെ കുതിരാനിലെ ലൈറ്റുകളും കാമറകളും തകര്‍ത്ത് ടിപ്പര്‍ ലോറി; പത്തുലക്ഷത്തിന്റെ നഷ്ടം

തൃശൂര്‍:  ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തില്‍ ടിപ്പര്‍ ലോറി ലൈറ്റുകളും സിസിടിവി കാമറകളും തകര്‍ത്തു. പിന്‍ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ചത് മൂലമാണ് വന്‍ നാശനഷ്ടം ഉണ്ടായത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 8.45 ഓടേയാണ് സംഭവം. ഒന്നാം തുരങ്കത്തില്‍ പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുന്ന ഭാഗത്താണ് ലൈറ്റുകളും സിസിടിവിയും തകര്‍ന്നത്. ഏകദേശം 104 ലൈറ്റുകളാണ് തകര്‍ന്നത്. തുരങ്കത്തിന്റെ തുടക്കത്തില്‍ 90 മീറ്റര്‍ വരെ ദൂരത്തില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളാണ് നശിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.

ലൈറ്റുകള്‍ പൊട്ടിവീണത് അറിഞ്ഞ് വണ്ടി നിര്‍ത്തി പിന്‍ഭാഗം താഴ്ത്തിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ യാത്ര തുടര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വണ്ടിയുടെ നമ്പര്‍ കണ്ടെത്താന്‍ പ്രയാസം നേരിടുന്നുണ്ട്. മറ്റു ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 

വെളിച്ച സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റുകളാണ് തകര്‍ന്നത്. എളുപ്പം കിട്ടാന്‍ ബുദ്ധിമുട്ടുള്ള തരം ലൈറ്റായതിനാല്‍ വെളിച്ച സംവിധാനം പുനഃസ്ഥാപിക്കാന്‍ സമയമെടുത്തേക്കാം. രണ്ടാം തുരങ്കം തുറന്ന പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള തിരക്ക് കുറഞ്ഞതിനാല്‍ വാഹനഗതാഗതത്തെ ബാധിക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞദിവസമാണ് രണ്ടാം തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തത്.
 

Exit mobile version