Saturday, November 23, 2024
HomeNewsKeralaഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

സായാഹ്‌ന വാർത്തകൾ
2021 | ജൂൺ 10 | 1196 എടവം 27 | വ്യാഴാഴ്ച | രോഹിണി |

🔳മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണത്.

🔳കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു ശേഷവും മാസ്‌ക് ധരിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

🔳വാക്‌സിന്‍ സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രനിര്‍ദേശം. വാക്‌സിന്‍ സ്റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവപ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദേശം.

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബിജെപിയിലേക്ക് ചേക്കേറിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ശശി തരൂര്‍. തന്റെ ‘മുതിര്‍ന്ന സഹോദരന്‍’ ജ്യോതിരാദിത്യ സിന്ധ്യ ഒരുവര്‍ഷംമുമ്പു ചെയ്തതുപോലെ, ജിതിന്‍ പ്രസാദയും ബി.ജെ.പി.യിലേക്ക് ചേക്കേറിയ സംഭവം തന്നെ വല്ലാതെ ഞെട്ടിക്കുന്നുവെന്നും വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് ഞാനിത് പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. ഭാരതീയ ജനതാപാര്‍ട്ടിക്കും അവരുടെ സാമുദായിക വര്‍ഗീയത ഇന്ത്യയിലുയര്‍ത്തുന്ന ഭീഷണികള്‍ക്കുമെതിരേ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയിരുന്ന രണ്ടു വ്യക്തികളായിരുന്നു സിന്ധ്യയും പ്രസാദയുമെന്നും, എന്നാല്‍ ഇന്ന്, ഒരിക്കല്‍ തങ്ങള്‍ തള്ളിപ്പറഞ്ഞിരുന്ന അതേപാര്‍ട്ടിയുടെ മികച്ച കളിക്കാരായി ഇരുവരും ആഹ്ലാദം പ്രകടിപ്പിക്കുന്നുവെന്നും ശശി തരൂര്‍ ചൂണ്ടികാണിക്കുന്നു.യഥാര്‍ഥത്തില്‍ അവരെന്തിനുവേണ്ടിയാണ് നിലകൊണ്ടതെന്നും അവരുടെ രാഷ്ട്രീയത്തിന് ജീവനേകിയ വിശ്വാസവും മൂല്യങ്ങളുമെന്തായിരുന്നുവെന്നും അതോ, സ്വയം ഉന്നമനത്തിനും അധികാരത്തിനും വേണ്ടി മാത്രമുള്ളതായിരുന്നോ അവര്‍ക്ക് രാഷ്ട്രീയമെന്നും ഒരു ധാര്‍മികതയുമില്ലാത്ത വെറുമൊരു കരിയര്‍മാത്രമായി രാഷ്ട്രീയം മാറിയോയെന്നും ശശി തരൂര്‍ ചോദിക്കുന്നു.

🔳പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന നിലയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം എത്തിച്ചേര്‍ന്നു കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ‘പ്രസാദ റാം പൊളിറ്റിക്‌സാണ് ഇപ്പോള്‍. മുന്‍പ് ഇത് ആയാറാം ഗയാ റാം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔳കോണ്‍ഗ്രസില്‍ സമഗ്രമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ഗ്രൂപ്പ് 22-നെ അനുനയിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് നടത്തുന്നത്. ഗുലാം നബി ആസാദിനെ തമിഴ്‌നാട്ടില്‍നിന്ന് രാജ്യ സഭയിലെത്തിക്കാനാണ് നീക്കം. ഉത്തര്‍ പ്രദേശിലെ പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ ഇന്നലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രൂപ്പ് 22 നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

🔳ജ്യോതിരാദിത്യ സിന്ധ്യക്കും ജിതിന്‍ പ്രസാദക്കും ശേഷം സച്ചിന്‍ പൈലറ്റോ? യു.പിയില്‍നിന്നുള്ള നേതാവ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. കഴിഞ്ഞ വര്‍ഷം അശോക് ഗെഹലോത്തുമായി കൊമ്പുകോര്‍ത്ത് സച്ചിന്‍ സൃഷ്ടിച്ച ആഭ്യന്തരകലഹത്തിനു പിന്നാലെ കോണ്‍ഗ്രസ് ചില വാഗ്ദാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നുവെങ്കിലും അതൊന്നും ഇതുവരെ പാലിക്കപ്പെടാത്തതില്‍ സച്ചിന്‍ നിരാശനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അമര്‍ഷം. കെ.പി.സി.സി. പ്രസിഡന്റിനൊപ്പം മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിലാണ് ഇവര്‍ ഹൈക്കമാന്‍ഡിനുനേരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. പാര്‍ട്ടിയില്‍ പ്രബലമായ രണ്ടു വിഭാഗങ്ങളെയും പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരമാണ് ഗ്രൂപ്പ് നേതൃത്വം ഉയര്‍ത്തുന്നത്. വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന വിശ്വാസമാണ് ഗ്രൂപ്പുകള്‍ പങ്കുവെക്കുന്നത്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി.

🔳പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ‘ഇന്ധന വിലയിലെ കേന്ദ്ര – സംസ്ഥാന നികുതി ഭീകരതയ്‌ക്കെതിരെ’ ഇന്നു വൈകുന്നേരം ടാക്‌സ് പേ ബാക്ക് സമരം സംഘടിപ്പിക്കുമെന്നും 1000 പമ്പുകളിലായി 5000 പേര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതി തിരികെ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. 36 രൂപയുടെ പെട്രോളിന് 55 രൂപയും 38.49 രൂപയുടെ ഡീസലിന് 45 രൂപയും നികുതി അടക്കേണ്ടി വരുന്നത് ഗതികേടാണെന്നും ഷാഫി കുറിപ്പില്‍ പറഞ്ഞു.

🔳മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതെന്നും തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നുവെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

🔳മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. മരംമുറിയുടെ വിശാദംശങ്ങള്‍ തേടി വനംവകുപ്പിന് ഇ.ഡി. കത്തുനല്‍കി. ജൂണ്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് വനംവകുപ്പിന് നല്‍കുന്നത്. മരംമുറിക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആര്‍., മഹസ്സര്‍ എന്നിവയുടെ പകര്‍പ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. കത്തുനല്‍കിയിട്ട് ഒരാഴ്ചയായിട്ടും സര്‍ക്കാരോ വനംവകുപ്പോ ഇതില്‍ തീരുമാനം എടുത്തിട്ടില്ല.

🔳ചാത്തന്നൂരിലും കുഴല്‍പ്പണം ഒഴുക്കിയെന്ന ആരോപണവുമായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാര്‍ കോടികളാണ് മണ്ഡലത്തില്‍ ചെലവാക്കിയതെന്നും കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ധൂര്‍ത്താണ് നടന്നിട്ടുള്ളതെന്നും ഇതില്‍ അന്വേഷണം വേണമെന്നും യു.ഡി.എഫ്. പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

🔳സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കെ. സുരേന്ദ്രന്റെ നേതൃമാറ്റ വിഷയത്തിലും ശുപാര്‍ശകള്‍. സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികള്‍ നേതാക്കളും പ്രവര്‍ത്തകരും ആനന്ദബോസിന് നേരിട്ടും ഇമെയില്‍ വഴിയും അറിയിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലാതെ നേതാക്കള്‍ നേതൃമാറ്റത്തിനായി മുറവിളി കൂട്ടിയിട്ടുമുണ്ടെന്നാണ് വിവരം.

🔳കുഴല്‍പ്പണക്കേസില്‍ പച്ചയായ കള്ളക്കളിയാണ് നടക്കുന്നതെന്നും ഈ കേസ് ഭാരതീയ ജനതാപാര്‍ട്ടിയുടെ തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയ ലാഭം കൊയ്ത് ബിജെപിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശമാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ച പ്രസീതയും സിപിഎം നേതാവ് ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳ജെആര്‍പി നേതാവ് പ്രസീത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജന്‍. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണെന്നും അതിന് കെ സുരേന്ദ്രന്‍ മറുപടി പറയണമെന്നും തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോള്‍ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രന്‍ ഇപ്പോള്‍ നടത്തുന്ന ആക്ഷേപങ്ങളെന്നും പി ജയരാജന്‍ പ്രതികരിച്ചു.

🔳കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

🔳കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി രജിസ്ട്രി കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അഭിപ്രായം തേടി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തില്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീം കോടതി നാളെ തീരുമാനം എടുക്കും.

🔳വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത(77) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ ചികിത്സയിലായിരുന്നു.

🔳ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഉത്തര്‍പ്രദേശ് വനിതാകമ്മിഷന്‍ അംഗം മീനാകുമാരി. അലിഗഡ് ജില്ലയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനിടയിലായിരുന്നു മീന കുമാരിയുടെ പരാമര്‍ശം.

🔳പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ അനധികൃത കുടിയേറ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ കേസിന് ശക്തി പകരുന്നതാണ് ഈ നീക്കം.

🔳ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെയുളള ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സില്‍ വിലക്ക് ഏര്‍പ്പെടുത്തി 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്.

🔳ലോകരാജ്യങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ അമ്പതുകോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ വാങ്ങാനൊരുങ്ങി അമേരിക്ക. ജോ ബൈഡന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ ഈയാഴ്ച നടക്കുന്ന ജി-7 യോഗത്തില്‍ ബൈഡന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

🔳യു.എസ് ശതകോടീശ്വരന്മാരില്‍ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന് ആരോപണം. ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, വാറന്‍ ബഫെറ്റ് തുടങ്ങി വമ്പന്മാരുടെ പേരുകളാണ് വാര്‍ത്താ വെബ്സൈറ്റ് പ്രോപബ്ലിക്ക പുറത്തുവിട്ടത്. 2007-ലും 2011-ലും ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസും 2018-ല്‍ ടെസ്ല മോട്ടോഴ്‌സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കും നികുതിയിനത്തില്‍ സര്‍ക്കാരിന് ഒന്നും നല്‍കിയിട്ടില്ല. ശതകോടീശ്വരന്മാരുടെ നികുതികളെക്കുറിച്ചുള്ള ഇന്റേണല്‍ റവന്യൂ സര്‍വീസ് ഡേറ്റ വിശകലനം ചെയ്യുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും വെബ്സൈറ്റ് പറയുന്നു.

🔳ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന ഇന്ത്യന്‍ ഗുസ്തി താരം ഡിങ്കോ സിങ് (41) അന്തരിച്ചു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതനാകുകയും ചെയ്തിരുന്നു.

🔳ജയിലില്‍ പ്രത്യേക ഭക്ഷണക്രമം വേണമെന്നാവശ്യപ്പെട്ട് ഗുസ്തിതാരം സുശീല്‍ കുമാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. തനിക്ക് പ്രത്യേക ഭക്ഷണക്രമം വേണമെന്നുളളത് ഒരു അത്യാവശ്യമായി പരിഗണിക്കാനാവില്ലെന്നും അത് ആഗ്രഹമായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞു.

🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

🔳2020ല്‍ രാജ്യത്ത് സ്വകാര്യ നിക്ഷേപം 38 ശതമാനം വര്‍ധിച്ച് 62.2 ശതകോടി ഡോളറായി (ഏകദേശം 4.56 ലക്ഷം കോടി രൂപ) ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള കമ്പനികളില്‍ ഉണ്ടായ വ്യാപകമായ നിക്ഷേപമാണ് സ്വകാര്യ നിക്ഷേപ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. 26.5 ശതകോടി ഡോളര്‍ നിക്ഷേപമാണ് റിലയന്‍സിന് കീഴിലുള്ള ജിയോ പ്ലാറ്റ്ഫോമുകളിലും റിലയന്‍സ് റീറ്റെയ്ലിലും അടക്കം ഉണ്ടായത്. ആകെ നിക്ഷേപത്തിന്റെ 40 ശതമാനവും റിലയന്‍സിലാണെന്നും ഇന്ത്യ പ്രൈവറ്റ് ഇക്വിറ്റി റിപ്പോര്‍ട്ട് 2021 വ്യക്തമാക്കുന്നു. ഇന്ത്യന്‍ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെഞ്ച്വര്‍ കാപിറ്റല്‍ അസോസിയേഷനും ബെയ്ന്‍ & കമ്പനിയും സംയുക്തമായാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

🔳നയന്‍താര നായികയാവുന്ന തമിഴ് ത്രില്ലര്‍ ചിത്രം ‘നെട്രിക്കണ്ണി’ന്റെ ഗാനം പുറത്തെത്തി. ‘ഇദുവും കടന്തു പോഗും’ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് സിദ് ശ്രീറാം ആണ്. കാര്‍ത്തിക് നേതയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണന്‍ ആണ്. ‘ഹീലിംഗ് സോംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം കൊവിഡ് പോരാളികള്‍ക്കും രോഗത്തെ അതിജീവിച്ചവര്‍ക്കുമാണ് സമര്‍പ്പിക്കുന്നതെന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന സംവിധായകന്‍ വിഘ്നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു.

🔳കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് സഹായവുമായി നടന്‍ സൂര്യ. ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്കാണ് 5,000 രൂപ ധനസഹായം സൂര്യ നല്‍കിയിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി സൂര്യയും കാര്‍ത്തിയും തമിഴ്‌നാട് സര്‍ക്കാറിന് ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു.

🔳ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മാവെറിക് പിക്കപ്പ് ട്രക്കിനെ അവതരിപ്പിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് വാഹനത്തിന്റെ അവതരണം. 21,490 ഡോളര്‍ ആണ് വില. ഇത് ഏകദേശം 15.66 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ഫോര്‍ഡ് ബ്രോങ്കോ സ്‌പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള മോഡല്‍ ഒരു യൂണിബോഡി നിര്‍മ്മാണമാണ്. ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ സ്റ്റാന്‍ഡേര്‍ഡായി വാഹനത്തില്‍ ഉണ്ട്.

🔳സോവിയറ്റ് ഇരുമ്പുമറകള്‍ക്ക് പിന്നില്‍, ഭാരതത്തിനു നേര്‍ക്ക് നടന്ന കൊടും വഞ്ചനകള്‍ ഒരു മുന്‍ കെജിബി ഉദ്യോഗസ്ഥാനിലൂടെ വെളിപ്പെട്ട ചരിത്രം. കാലം മാപ്പുകൊടുക്കാത്ത ദേശവിരുദ്ധതകളുടെ മുഖം മറനീക്കി പുറത്തുവരുന്ന കാഴ്ച. ‘സോവിയറ്റ് ചതിയുടെ ചരിത്രരേഖകള്‍’. ജഗത് ജയപ്രകാശ്. വേദ ബുക്സ്. വില 180 രൂപ.

🔳അകത്തെ ഇടങ്ങളില്‍ മാസ്‌ക് വയ്ക്കാതെ സംസാരിക്കുന്നതാണ് കൊറോണ വൈറസ് വ്യാപനത്തിന് ഏറ്റവുമധികം സാധ്യതയുണ്ടാക്കുന്നതെന്ന് പഠനം. സംസാരിക്കുമ്പോള്‍ പുറന്തള്ളുന്ന വിവിധ വലുപ്പത്തിലുള്ള ശ്വസന കണികകള്‍ വ്യത്യസ്ത അളവില്‍ വൈറസുകളെ വഹിക്കുന്നതായി ജേണല്‍ ഓഫ് ഇന്റര്‍ണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. വായുവില്‍ മിനിറ്റുകളോളം തങ്ങി നില്‍ക്കുന്ന ഇടത്തരം വലുപ്പത്തിലുള്ള കണികകളാണ് ഏറ്റവും അപകടകരമെന്നും പഠനം പറയുന്നു. വായുവിലൂടെ ഈ കണികകള്‍ക്ക് അല്‍പ ദൂരം സഞ്ചരിക്കാനാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്തതും പുക പോലെ വായുവില്‍ തങ്ങി നില്‍ക്കുന്നതുമായ ഈ കണികകള്‍ക്ക് രോഗം എളുപ്പം പരത്താന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡയജസ്റ്റീവ്, കിഡ്നി ഡിസീസസിലെ അഡ്രിയാന്‍ ബാക്സ് പറഞ്ഞു. മാസ്‌ക് ഇല്ലാതെ നിരവധി പേര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും കുടിക്കുകയും സംസാരിക്കുകയും ചെയ്യുന്ന റസ്റ്ററന്റുകള്‍, ബാറുകള്‍ തുടങ്ങിയവ രോഗവ്യാപന കേന്ദ്രങ്ങളാകുന്നത് ഇക്കാരണത്താല്‍ ആണെന്നും ബാക്സ് ചൂണ്ടിക്കാട്ടി. അകത്ത് ആണെങ്കിലും പുറത്താണെങ്കിലും മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പഠനം ചൂണ്ടിക്കാണിക്കുന്നു. ഓഫീസുകളിലും മറ്റും വെന്റിലേഷന്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 73.07, പൗണ്ട് – 102.90, യൂറോ – 88.85, സ്വിസ് ഫ്രാങ്ക് – 81.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.48, ബഹറിന്‍ ദിനാര്‍ – 193.84, കുവൈത്ത് ദിനാര്‍ -242.91, ഒമാനി റിയാല്‍ – 189.77, സൗദി റിയാല്‍ – 19.48, യു.എ.ഇ ദിര്‍ഹം – 19.89, ഖത്തര്‍ റിയാല്‍ – 20.07, കനേഡിയന്‍ ഡോളര്‍ – 60.29.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments