Pravasimalayaly

ഇന്നത്തെ വാർത്തകൾ ഇതുവരെ

സായാഹ്‌ന വാർത്തകൾ
2021 ജൂൺ 15 | 1196 മിഥുനം 01 | ചൊവ്വ | ആയില്യം |

🔳ലോകസഭയിലെ ഒഴിഞ്ഞു കിടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ കസേര ഒഴിച്ചിട്ടിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്നതും സുസ്ഥാപിതവുമായ സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമായി നടപ്പാക്കാനും ജനാധിപത്യവ്യവസ്ഥ ആവശ്യപ്പെടുന്ന രീതിയില്‍ സഭാനടപടികള്‍ പൂര്‍ത്തീകരിക്കാനും സഭയിലെ രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഹായിക്കാനാവുമെന്നും ചൗധരി ഓര്‍മിപ്പിച്ചു.

🔳കടല്‍ക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്ന കേസിലെ നടപടികള്‍ ആണ് സുപ്രീം കോടതി അവസാനിപ്പിച്ചത്.

🔳മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് ലീഗ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

🔳പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം ഇരുപതിനകം ലഭിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്തിന് കീഴിലുള്ള സ്ഥലത്ത് കാലങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

🔳മുട്ടില്‍ മരംമുറിക്കേസില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാത്തത് ഉന്നത രാഷ്ട്രീയ നേതൃത്വം തുറന്ന് കാട്ടപ്പെടുമെന്ന പേടികൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ച വി.മുരളീധരന്‍ പരിസ്ഥിതി സ്‌നേഹികളായ ഇടതു നേതാക്കളെല്ലാം മൗനത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

🔳എന്തൊക്കെ വിവാദമുണ്ടായാലും സി.പി.ഐ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരിസ്ഥിതിക്ക് വേണ്ടിയുള്ളതാണ് സി.പി.ഐ നിലപാട് അതില്‍ കൂടുതല്‍ വിശദീകരണം വേണ്ടെന്നും കാനം പറഞ്ഞു. മരം മുറിക്കാനുള്ള ഉത്തരവ് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ അതില്‍ നിന്നും തേക്കും ഈട്ടിയും ഇതിന്റെ മറവില്‍ മുറിച്ചെങ്കില്‍ തെറ്റാണെന്നും കാനം പറഞ്ഞു. സര്‍ക്കാരിന്റെ ഉത്തരവില്‍ തെറ്റില്ലെന്നും എന്നാല്‍ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

🔳കേരള ബിജെപിയിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനവും സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് പരോക്ഷമായി സൂചിപ്പിച്ച് സിവി ആനന്ദബോസ്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുസംഘത്തെയും കേന്ദ്രനേതൃത്വം നിയോഗിച്ചിട്ടില്ലെന്ന ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി അരുണ്‍സിങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആനന്ദബോസിന്റെ പ്രതികരണം. ഉത്തരവാദിത്തപ്പെട്ടവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് ആനന്ദബോസ് വ്യക്തമാക്കിയത്. അതേസമയം ഈ ഉത്തരവാദിത്തപ്പെട്ടവര്‍ ആരാണെന്ന് പരസ്യമായി പറയാന്‍ ആനന്ദബോസ് തയ്യാറായിട്ടില്ല.

🔳സേവ് കുട്ടനാടിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ താത്പര്യവുമെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ അനാവശ്യമായി ഭീതിപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും 1500 കുടുംബങ്ങള്‍ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചുവെന്നും സജി ചെറിയാന്‍. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മാത്രം ആശങ്ക സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം.

🔳പാലക്കാട് നെന്മാറയില്‍ യുവാവ് പ്രണയിനിയെ പത്ത് വര്‍ഷം ഒരു മുറിയില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറി. അതേസമയം വനിതാ കമ്മീഷന്‍ ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. പത്ത് വര്‍ഷം ഒറ്റമുറിക്കുള്ളില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടിട്ടുണ്ടെന്നാണ് വനിതാ കമ്മീഷന്‍ വിലയിരുത്തുന്നത്. ആ പശ്ചാത്തലത്തിലാണ് വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

🔳നെന്മാറയില്‍ പ്രണയിനിയായ സജിതയെ റഹ്മാന്‍ എന്നയാള്‍ പത്ത് വര്‍ഷം ഒറ്റമുറിയില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ എന്തൊക്കയോ അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. തേനും പാലും നല്‍കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കില്‍ അത് ബന്ധനം തന്നെയാണെന്നും ആ ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. നെന്മാറയിലെ വീട്ടിലെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ഇരുവരോടും സംസാരിച്ചുവെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കുന്നില്ലെന്നും ഈ പശ്ചാത്തലത്തില്‍ അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേയെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു.

🔳റാപ്പര്‍ വേടന് എതിരായ ലൈംഗിക പീഡനാരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ നമ്മള്‍ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണെന്നും വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട് എന്നത് മറ്റൊരു സത്യമാണെന്നും ഹരീഷ് പേരടി കുറിച്ചു. വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തിസ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുമെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികളും കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസും ബുധനാഴ്ചമുതല്‍ സര്‍വീസ് നടത്തും.

🔳രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ ഐഷ സുല്‍ത്താന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി. 20ാം തീയതി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുല്‍ത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

🔳സംസ്ഥാന ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വന്‍ പ്രതിഷേധ റാലി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ശിരമോണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു.

🔳ഉത്തര്‍പ്രദേശില്‍ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒമ്പത് ബിഎസ്പി എംഎല്‍മാര്‍ സമാജ്വാദി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. നേതാക്കളുടെ ഈ ചുവടുമാറ്റം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിക്കും ബിഎസ്പിക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.

🔳ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചുപോക്ക് തടയാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരുവിഭാഗം എംഎല്‍എമാര്‍ വിട്ടുനിന്നു. ഇതോടെ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങിയേക്കുമെന്നാണ് അഭ്യൂഹം.

🔳ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ഇന്ത്യയുടെ അണ്ടര്‍-19, എ ടീമുകളുടെ നിരീക്ഷണ ചുമതലയും ദ്രാവിഡിനുണ്ട്.

🔳ന്യൂസീലന്റ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സമയം ചോദ്യം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ട്-ന്യൂസീലന്റ് പരമ്പര നടത്താമായിരുന്നുവെന്നും ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റുകള്‍ കളിച്ച് എത്തുന്നത് ഫൈനലില്‍ ന്യൂസീലന്റിന് മുന്‍തൂക്കം നല്‍കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

🔳രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിലയില്‍. സിപിഐ (ഉപഭോക്തൃ വില സൂചിക) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിലെ 4.3 ശതമാനത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിരക്കായ 6.3 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായതെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം ഏപ്രില്‍ മാസത്തെ 1.96 ശതമാനത്തില്‍നിന്ന് വര്‍ധിച്ച് മെയ് മാസത്തില്‍ 5.01 ശതമാനമായി ഉയര്‍ന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12.94 ശതമാനമായും ഉയര്‍ന്നു. ഏപ്രില്‍ മാസത്തിലെ 10.49 ശതമാനത്തില്‍നിന്നാണ് 12.49 ശതമാനമായി ഉയര്‍ന്നത്.

🔳പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പാദവാര്‍ഷിക ലാഭം ഇരട്ടിയായി. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 349.77 കോടിയാണ് അറ്റാദായമായി ബാങ്ക് നേടിയത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 143.79 കോടിയായിരുന്നു അറ്റാദായം. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ മൊത്തം വരുമാനം 6,073.80 കോടി രൂപയായി ഉയര്‍ന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇത് 5,484.06 കോടി രൂപയായിരുന്നു. 2020-21 കാലയളവില്‍ ബാങ്ക് അറ്റാദായം 831.47 കോടി രൂപയാണ്.

🔳’ബാഷ’യും ‘അണ്ണാമലൈ’യും മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ ‘ദി പ്രിന്‍സ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുരേഷ് കൃഷ്ണ നിര്‍മ്മാതാവാകുന്നു. ഒരു ക്രൈം വെബ് സിരീസ് ആണ് അദ്ദേഹം നിര്‍മ്മിക്കുന്നത്. അതും തെലുങ്കില്‍. ‘ഇന്‍ ദി നെയിം ഓഫ് ഗോഡ്’ എന്നു പേരിട്ടിരിക്കുന്ന ലിമിറ്റഡ് സിരീസിന് ഏഴ് എപ്പിസോഡുകള്‍ മാത്രമാണ് ഉള്ളത്. പ്രിയദര്‍ശി, നന്ദിനി റായ്, പൊസാനി കൃഷ്ണ മുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിരീസിന്റെ ട്രെയ്ലര്‍ പുറത്തെത്തി. സംവിധായകന്‍ രംഗ യാലി ഷോ റണ്ണര്‍ ആവുന്ന സിരീസിന്റെ രചനയും സംവിധാനവും വിദ്യാസാഗര്‍ മുത്തുകുമാര്‍ ആണ്.

🔳അവഞ്ചേഴ്സ് സിനിമകളിലെ വില്ലന്‍മാരില്‍ പ്രിയപ്പെട്ടവനാണ് ലോക്കി. അതുകൊണ്ടു തന്നെ ലോക്കി എന്ന പേരില്‍ ഒരു മാര്‍വല്‍ സീരീസ് എത്തുമ്പോള്‍ അത് ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ദൃശ്യവിരുന്നു തന്നെയാണ്. മൈക്കല്‍ വാല്‍ഡ്രനാണ് ലോക്കി സീരീസിന്റെ സൃഷ്ടാവ്. കേറ്റ് ഹെരനാണു സംവിധാനം. സിനിമകളിലേതു പോലെതന്നെ ലോക്കിയായി എത്തുന്നത് ടോം ഹിഡില്‍സ്റ്റനാണ്. സീരീസിലെ ആദ്യ എപ്പിസോഡ് മാത്രമേ റിലീസായിട്ടുള്ളു. ലോകം പിടിച്ചടക്കാനുള്ള വെമ്പലുമായി നടക്കുന്ന ലോക്കിയെയാണ് അവഞ്ചേഴ്സില്‍ കാണുന്നതെങ്കില്‍ ലോക്കി സീരീസില്‍ കഥ കുറച്ച് വ്യത്യസ്തമാണ്. ലോക്കിയുടെ കഥയോട് തുടര്‍ച്ചയായി ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നസ് എന്ന സീരീസും അനൗണ്‍സ് ചെയ്തിട്ടുണ്ട്.

🔳ഇന്ത്യയില്‍ ഇതുവരെയായി വിറ്റത് ആറ് ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ. പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഈ ജനപ്രിയ എസ്യുവി. 2015 ലാണ് ഹ്യുണ്ടായ് ക്രെറ്റ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടയിലാണ് അവസാന ഒരു ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ വിറ്റുപോയത്. അതായത് 2020 ഓഗസ്റ്റിലാണ് അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം ഹ്യുണ്ടായ് ക്രെറ്റ കൈവരിച്ചത്. ഹ്യുണ്ടായ് ക്രെറ്റയുടെ ആകെ വില്‍പ്പനയില്‍ 66 ശതമാനത്തോളം ഡീസല്‍ വേരിയന്റുകളാണ്. അതായത്, 3,99,787 യൂണിറ്റ്. അതേസമയം 2,06,956 യൂണിറ്റ് പെട്രോള്‍ വേരിയന്റുകള്‍ വിറ്റുപോയി. 34 ശതമാനം. 1.5 ലിറ്റര്‍ യുഎസ് സിആര്‍ഡിഐ എന്‍ജിന്‍ ഉപയോഗിക്കുന്ന ഡീസല്‍ വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

Exit mobile version