Pravasimalayaly

ഇന്ത്യന്‍ ടീമിന്റെ തോല്‍വിയ്ക്ക് കാരണം കൂടുതല്‍ ദളിത് കളിക്കാര്‍ ഉള്ളതിനാല്‍; ഒളിമ്പിക്സില്‍ ആദ്യമായി ഹാട്രിക് നേടിയ താരത്തിന് ജാത്യാക്ഷേപം

ഹരിദ്വാർ

ഇന്ത്യന്‍ വനിതാ ടീം ചരിത്രത്തിലാദ്യമായി വെങ്കലമെഡലിനായി പോരാട്ടത്തിനിറങ്ങുമ്പോള്‍ ടീമിലെ നിര്‍ണ്ണായക താരങ്ങളില്‍ ഒരാള്‍ക്ക് ജാത്യാക്ഷേപം. ടീമിലെ വന്ദനാ കതാരിയയെ ദളിത് സ്ത്രീ എന്ന നിലയില്‍ ആക്ഷേപിക്കുകയും ഇന്ത്യന്‍ ടീമിന്റെ പരാജയം താരത്തിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെമിയിൽ അർജന്റീനയ്ക്കെതിരായ തോൽവിക്കു പിന്നാലെ ഹരിദ്വാറിലെ റോഷൻബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ രണ്ടു പേർ വന്ദനയുടെ കുടുംബാംഗങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ സന്തോഷിച്ച് പടക്കം പൊട്ടിക്കുകയും ചെയ്തതായിട്ടാണ് റി​പ്പോര്‍ട്ട്. ദലിത് താരങ്ങൾ ടീമിൽ‌ ഉള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റതെന്നു കളിയാക്കുകയും ചെയ്തതായി കുംടുംബാംഗങ്ങൾ പറയുന്നു.

ഇന്ത്യ പൊരുതിതോറ്റതിന് പിന്നാലെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടതോടെ വന്ദനയുടെ കുടുംബാംഗങ്ങള്‍ വെളിയിലിറങ്ങി ​നോക്കിയപ്പോള്‍ സവര്‍ണ്ണ ജാതിയില്‍ പെട്ടവര്‍ വീടിന് മുന്നില്‍ ഇന്ത്യ തോറ്റതില്‍ സന്തോഷിക്കുകയും നൃത്തം ചവിട്ടുകയുമായിരുന്നു. ഇന്ത്യ തോറ്റത് ദളിത് കളിക്കാര്‍ ടീമില്‍ കളിച്ചതിനാലാണെന്നും ഹോക്കിയില്‍ മാത്രമല്ല ഒരു ടീമിലും ദളിതരെ ടീമില്‍ എടുക്കരുതെന്നും ഏത് കളിയിലായാലും ദളിതുകളെ ടീമിലെടുത്താല്‍ ാ ടീം തോല്‍ക്കുമെന്നും പറഞ്ഞു. അതിന് ശേഷം വീട്ടുകാരെ വസ്ത്രം ഉയര്‍ത്തിക്കാട്ടി ആ നിലയില്‍ നൃത്തം ചെയ്യുകയുമുണ്ടായി.

സംഭവം വളരെ വേദനിപ്പിച്ചെങ്കിലും ഇന്ത്യൻ ഹോക്കി ടീമിന്റെ പോരാട്ട വീര്യത്തിൽ ഏറെ അഭിമാനിക്കുന്നെന്നു വന്ദനയുടെ കുടുംബാംഗങ്ങൾ പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഡ്കൾ പൊലീസ് പറഞ്ഞു. അതേസമയം ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി വന്ദന ഹാട്രിക് നേടിയിരുന്നു. ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കേണ്ട നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 4–3നു കീഴടക്കിയ ഗ്രൂപ്പ് മത്സരത്തിലായിരുന്നു നേട്ടം. സെമിയിൽ വീറോടെ പൊരുതിയ ഇന്ത്യ അർജന്റീനയോട് 2–1നാണു കീഴടങ്ങിയത്.

വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ നാളെ ബ്രിട്ടനെ നേരിടും. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ വനിതാടീം ഒളിമ്പിക്സ് സെമിയില്‍ കടക്കുന്നത്.
ഒളിംപിക്സ് ഹോക്കിയിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണു വന്ദന.

Exit mobile version