ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ മാത്രം

0
24

ദേശീയ പണിമുടക്കിൽ സെക്രട്ടേറിയറ്റിൽ ഹാജരായത് 4.15 ശതമാനം പേർ മാത്രം. ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും ഇന്ന് സെക്രട്ടേറിയറ്റിൽ ജോലിക്കായി എത്തിയത് 212 പേർ മാത്രമാണ്. പൊതുഭരണ വകുപ്പിൽ 188 പേർ, ഫിനാൻസ് വകുപ്പിൽ 22 പേർ, നിയമവകുപ്പിൽ ഒരാൾ എന്നിങ്ങനെയാണ് കണക്കുകൾ. ആകെയുള്ള 4828 ജീവനക്കാരില്‍ 212 പേർ മാത്രമാണ് സെക്രട്ടേറിയറ്റില്‍ ഇന്ന് ഹാജരായത്.

ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില തീരെ കുറവാണ്.ഹൈക്കോടതി നിര്‍ദേശപ്രകാരം, പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത് ജീവനക്കാരുടെ സംഘടനകൾ മുഖവിലയ്ക്കെടുത്തില്ലെന്നാണ് ഹാജർനില വ്യക്തമാക്കുന്നത്. അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ലെന്നും, അനധികൃതമായി ഹാജരാകാതിരുന്നാൽ ശമ്പളം നഷ്ടപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നെങ്കിലും ജോലിക്കു ഹാജരാകേണ്ടെന്ന നിർദേശമാണ് സർവീസ് സംഘടനകൾ നൽകിയത്.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്.

Leave a Reply