ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജമദ്യം കഴിച്ച് 22 പേര്‍ മരിച്ചു. 28 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. സംഭവത്തില്‍ ബാറുടമയുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
വ്യാജമദ്യം വിറ്റ ബാര്‍ അധികൃതര്‍ അടച്ചുപൂട്ടി. അറസ്റ്റിലായ ബാര്‍ ഉടമയേയും സഹായികളെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ആകെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും അധികൃതര്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ജില്ലാ മജിസ്‌ട്രേറ്റ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയോടെയാണ് ബാറില്‍ നിന്നും മദ്യം കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി പേർ ബാറില്‍ നിന്നും മദ്യം കഴിച്ചിരുന്നു. യുപിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാറുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ലോധ, ഖൈര്‍ ഗ്രാമങ്ങളിലാണ് മരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഭൂസ്റെഡ്ഡി പറഞ്ഞു.