Friday, July 5, 2024
HomeNewsമെഹ്റോളി ആർക്കിയോളജിക്കൽ പാർക്ക്

മെഹ്റോളി ആർക്കിയോളജിക്കൽ പാർക്ക്

ദില്ലിയിലെ മെഹ്റോളിയിൽ, 100 ഏക്കറിലായി, രജപുത്രർ, ഖജ്ലി, തുഗ്ലക്ക്, ലോധി രാജവംശങ്ങളിൽ നിന്നും മുഗൾ, ബ്രിട്ടീഷ് രാജ് ഭരണകാലം വരെ1,000 വർഷം പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന പുരാവസ്തുസംരക്ഷണപ്രദേശമാണ് ആർക്കിയോളോജിക്കൽ പാർക്ക്.

ആ സ്ഥലത്തെക്കുറിച്ചറിയാനും ഗൈഡിനെ കിട്ടുമോ എന്നറിയാനും അതിന്റെ ഓഫീസുമായി ബന്ധപ്പടാനും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. അവിടെ സന്ദർശിച്ചവരുടെ കുറിപ്പുകളിൽ കൃത്യമായ വിവരങ്ങളോ സഹായകമായ സൂചനകളോ ഒന്നും കണ്ടില്ല. ഓട്ടോ ഡ്രൈവേഴ്സിനും അറിയില്ല. അവസാനം നേരിട്ട് നടന്നു പോയുള്ള രണ്ടാമത്തെ അന്വേഷണത്തിലാണ് പാർക്ക് കണ്ടെത്തിയത്.

ഖുതുബ് മിനാർ മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തുകടന്ന്, ഫുട്ഓവർ ബ്രിഡ്ജ് വഴി റോഡിന് ഇടതുവശത്തേക്ക് ക്രോസ് ചെയ്യുക. വടക്കോട്ട് ഖുതുബ് മിനാറിലേക്കുള്ള റോഡാണത്, അനുവ്രത് മാർഗ്ഗ് (Anuvrat Marg). ഇരുവശങ്ങളും കാടാണ്. വൃത്തിയുള്ള റോഡ്. നീളത്തിൽ വലിയ മതിൽ കെട്ടിയിട്ടുണ്ട്. ഇഷ്ടിക വിരിച്ച, ഉയരത്തിലുള്ള നടപ്പാത. 30 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടത്തോട്ടുള്ള റോഡ് കാണാം. ‘ജെയിൻ മന്ദിർ, ദാദാബരി’ എന്ന് ഇംഗ്ലീഷിൽ എഴുതിയ വലിയൊരു ബോർഡ് ഉണ്ടവിടെ. മെഹ്റോളി വില്ലേജിലേക്കുള്ള വഴിയാണത് (ചിത്രം 1). ആ റോഡിലൂടെ കുറച്ചു പോയാൽ, പതിനഞ്ചാം നൂറ്റാണ്ടിൽ സിക്കന്ദർ ലോഥി പണിത ‘മദ്ഹി മസ്ജിദ്’ കാണാം.

നടപ്പാതയിലൂടെ മുന്നോട്ട് നടക്കുക. ഇടതുവശം മതിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കാട് പോലെ തോന്നിക്കുന്ന അവിടെ, അകത്തേക്ക് നടപ്പാത കാണാം. അതാണ് അശോക- മിഷൻ ബുദ്ധ മഠത്തിലേക്കുള്ള വഴി. കഴിഞ്ഞ സഞ്ചാരി പോസ്റ്റ് അതിനെക്കുറിച്ചായിരുന്നു. അത് കടന്ന് വീണ്ടും അഞ്ചു മിനിറ്റോളം മുന്നോട്ട് നടക്കുമ്പോൾ ഒരു ഗേറ്റും മുകളിൽ മെഹ്‌റോളി കോമ്പ്ലെക്സ് എന്നുള്ള വലിയ ഒരു ബോർഡും കാണാം. (ചിത്രം 2).

ഇങ്ങനെ ഒരു ബോർഡും സ്ഥലവും ഉള്ള കാര്യം മനസ്സിലാക്കാൻ തരത്തിൽ അവിടെ ഒന്നുമില്ല. കാട് പോലെ തോന്നും. മൺപാതയാണ്. വിജനമായിരിക്കും. അകത്തേക്ക് കടക്കാമോ എന്ന് സംശയവും ഭയവും തോന്നാം. ഭയക്കേണ്ട. തുറന്നിട്ടിരിക്കുന്ന ഗേറ്റിലൂടെ അകത്തേക്ക് കടക്കാം. ഒരു ഗാർഡ് റൂം ഉണ്ട്. എന്തിനാണ് വന്നതെന്ന് ഉറുദു കലർന്ന ഹിന്ദിയിൽ ഗാർഡ് ചോദിക്കും. ആരെയും അകത്തേക്ക് വിടാതിരിക്കാനാണോ അയാളെ അവിടെ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നിപ്പോകും. ‘ ജമാലി കമാലി മോസ്‌ക്’ കാണാൻ വന്നതാണ് എന്ന് പറഞ്ഞാൽ മതി. മറ്റെന്തെങ്കിലും പറഞ്ഞാൽ അയാൾക്ക്‌ മനസ്സിലായി എന്ന് വരില്ല.

ചരിത്രാന്വേഷികൾ മാത്രമേ ഇവിടേയ്ക്ക് ആകർഷിക്കപ്പെടൂ എന്ന് കരുതിയിട്ടായിരിക്കണം ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ള സജ്ജീകരണങ്ങളൊന്നും ഇവിടെ തയ്യാറാക്കാതിരുന്നത്. ഈ പോസ്റ്റിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ ചിത്രങ്ങളടക്കം ഇവിടത്തെ സ്മാരകങ്ങളെക്കുറിച്ച് എഴുതാം. വായനക്കും അറിവിനും വേണ്ടി മാത്രമാണ്. ചരിത്രഗവേഷകരൊഴിച്ച് കേരളത്തിൽനിന്ന് ടൂർവരുന്നവർ ഒരുദിവസം ഇവിടെ ചിലവഴിക്കുന്നത് ബുദ്ധിയായിരിക്കില്ല. സന്ദർശിക്കണമെന്നുള്ളവർ ചൂടുകാലത്ത് വരാതിരിക്കുക. കുടിക്കാൻ വെള്ളമോ, കൂൾഡ്രിങ്ക്‌സോ മറ്റോ, നേരത്തെ കരുതണം. ചെറിയ സ്റ്റേഷനായതിനാൽ അകത്ത് ഫുഡ് സ്റ്റാളുകൾ ഇല്ല. കോമ്പൗണ്ടിനകത്ത് സ്റ്റാളുകൾ ഒന്നും കണ്ടില്ല. ഖുതുബ് മിനാർ മെട്രോ ഇറങ്ങി പുറത്തുകടന്ന് വാങ്ങാമെന്ന് കരുതരുത്. ടാപ്പിലെ വെള്ളം ബ്രാൻഡ് കുപ്പികളിലാക്കിയാണ് വിൽക്കുന്നത്. ധാരാളം നടക്കാനുള്ളതുകൊണ്ട് കംഫർട്ടബ്ൾ ആയിട്ടുള്ള ക്യാൻവാസ് ഷൂ ധരിക്കുക.

വിക്കിപീഡിയ മുതൽ ധാരാളം സൈറ്റുകളിൽനിന്ന് ഈ പാർക്കിനെക്കുറിച്ചു അറിയാൻ സാധിക്കും. എന്നാൽ ഒരു ഔദ്യോഗിക വെബ് സൈറ്റ് കാണുന്നില്ല. അതുകൊണ്ട് തന്നെ, വിവരങ്ങൾ കൃത്യമല്ല. ചില സൈറ്റുകളിൽ ‘പാർക്ക്’ 200 ഏക്കർ എന്ന് പറയുമ്പോൾ മറ്റുചില സൈറ്റുകൾ 100 ഏക്കർ ആണെന്ന് പറയുന്നു. സ്മാരകങ്ങളുടെ എണ്ണം ഓരോ സൈറ്റിലും തോന്നിയ പോലെയാണ്. ഇവിടെ 800 സ്മാരകങ്ങൾ ഉണ്ട് എന്ന് വരെ പറയുന്ന വെബ്സൈറ്റുകൾ കാണാം. ഞാൻ കൊടുത്തിരിക്കുന്ന മാപ്പിൽ പ്രധാനപ്പെട്ട 14 സ്മാരകങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ചില സ്മാരകങ്ങളുടെ സംരക്ഷണവും പരിപാലനവും കൃത്യമായി ആരുടെ ഉത്തരവാദിത്വത്തിലാണ് എന്നുപോലും ആർക്കും നിശ്ചയമില്ല. ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഡൽഹി വക്കഫ് ബോർഡ്, ഡൽഹി ഡിവലപ്മെന്റ് അതോറിറ്റി, ഇനിയുമുണ്ടോ എന്നറിയില്ല. ‘Too many cooks spoil the broth.’ എന്ന് പറയുന്ന പോലെയാണ്.

ആദ്യദിവസം നടന്ന് ക്ഷീണിച്ചു തിരിച്ചു പോന്നു. പത്തോ പന്ത്രണ്ടോ സന്ദർശകരെ മാത്രമേ കണ്ടുള്ളൂ. അതിൽ കൂടുതലും ഡൽഹിയിൽനിന്ന് തന്നെ ഉള്ളവരായിരുന്നു. ഗൈഡുകൾ ആയി ആരേയും കണ്ടില്ല. ഗാർഡുകൾ വടിയും പിടിച്ചു നടക്കുന്നുണ്ട്. ശത്രുക്കളെ കാണുന്നപോലെയാണ് പെരുമാറ്റം. എന്തെങ്കിലും ചോദിച്ചാൽ മാത്രം പറഞ്ഞു തരും. സ്റ്റോൺ ഫലകങ്ങളിൽ ദിശയും സ്മാരകങ്ങളുടെ പേരും എഴുതി വച്ചിട്ടുണ്ട്. സ്മാരകങ്ങളെക്കുറിച്ചറിയാൻ ഗൂഗിൾ സെർച് ചെയ്യുക. തകർന്നടിഞ്ഞ പല ചരിത്ര സ്മാരകങ്ങളുടെ അവശിഷ്ടങ്ങൾ കാട്ടിനുള്ളിലാണ്. അവിടേക്ക് പോകാനുള്ള വഴി പുല്ലും വള്ളിച്ചെടികളും കൊണ്ട് മൂടിക്കിടക്കുകയായിരുന്നു. ഒരു ഗൈഡിനെ പിടിച്ച് അമ്പതോ, നൂറോ രൂപ കൊടുത്താൽ ഒരു പക്ഷേ അവർ കൊണ്ടുപോയി കാണിച്ചു തരുമായിരിക്കും.

പ്രധാന സ്മാരകങ്ങൾ ഒഴിച്ചാൽ ചിതറിക്കിടക്കുന്ന മറ്റ് സ്മാരകാവശിഷ്ടങ്ങൾ ധാരാളമുണ്ട്. അവിടേക്കുള്ള വഴിയും പരിസരങ്ങളും വൃത്തികെട്ടതും ദുർഗന്ധപൂരിതവുമാണ്. കുപ്പകൾക്ക്ചുറ്റും തെരുവ് നായ്ക്കളും കാട്ടുപന്നികളും വിഹരിക്കുന്ന ആ ഭാഗം ഒന്നുകിൽ പാർക്കിനകത്ത് കുടിയേറി പാർക്കുന്നവരുടേയോ അല്ലെങ്കിൽ പാർക്കിലെ ജോലിക്കാരുടേയോ താമസസ്ഥലമായിരിക്കണം. നല്ലൊരു ഹെറിറ്റേജ് ടൂറിസകേന്ദ്രമായി വികസിക്കേണ്ടിയിരുന്ന, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്രപ്രാധാന്യമേറിയ ഈ പാർക്കിന്റെ ഇന്നത്തെ സ്ഥിതി കാണുമ്പോൾ, കഷ്ടം തോന്നുന്നു. സന്ദർശകരുടെയും പ്രത്യേകിച്ച് വിദേശീയരുടെയും, ഇന്റർ നെറ്റിൽ കണ്ട കമെന്റുകളെല്ലാം ഇവിടത്തെ ദുരവസ്ഥയിലേക്ക് വിരൽചൂണ്ടുന്നതാണ്.

പാർക്ക് എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകീട്ട് 6.30 വരെ തുറന്നിരിക്കും. ടിക്കറ്റ് വേണ്ട. രണ്ട് സന്ദർശനത്തിന് ശേഷം നെറ്റിൽ തിരക്കിയപ്പോഴാണ് പാർക്ക് മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട് എന്നറിയുന്നത്. മൂന്നാമത്തെ ഭാഗം കൂടുതലും പുൽമേടുകളും ഗാർഡൻ മറ്റുമാണ്. അതിന്റെ എൻട്രൻസ് അനുവ്രത് മാർഗ്ഗിന്റെ അങ്ങേയറ്റം ഖുതുബ് മിനാറിലേക്ക് തിരിയുന്ന ഇടതുവശത്തെ ഇടുങ്ങിയ റോഡിനോട് ചേർന്നാണ്. ആ ഭാഗത്തെ റോഡിന്റെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. വലിയൊരു റോസ് ഗാർഡൻ ഉണ്ടവിടെ. കാര്യമായ പൂക്കൾ കണ്ടിട്ടില്ല. ഗാർഡനിൽ ഇറങ്ങാനോ, ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാനോ സമ്മതിക്കില്ല.

പാർക്കിന്റെ മാപ്, ഡൗൺലോഡ് ചെയ്തത് ഇവിടെ കൊടുക്കുന്നുണ്ട്. അതിൽ പാർക്കിന്റെ ഭാഗം ചുവന്ന വരയിൽ ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്. ശരിയായ മാപ്പോ, ഡിറെക്ഷനോ കിട്ടില്ല. പടിഞ്ഞാറ് ‘14. ഗന്ധക് കി ബോളി’ എന്ന് കാണിക്കുന്നത് പാർക്കിൽ പെടുന്നതേയില്ല. അത് കോംബൗണ്ടിന് പുറത്ത് വില്ലേജിനുള്ളിലാണ്.

ഹിന്ദുസ്ഥാൻ ടൈംസ് – ന്റെ ഓൺലൈൻ ന്യൂസിൽനിന്ന് ഇപ്പോൾ കിട്ടിയ ഒരു വാർത്ത ഇവിടെ ചേർക്കുന്നത് പ്രസക്തമാണ്.

”തലസ്ഥാനത്തെ ഏക പുരാവസ്തു പാർക്കായ മെഹ്റോളി ആർക്കിയോളജിക്കൽ പാർക്കിന്റെ തകർന്ന അവസ്ഥയെ ഹിന്ദുസ്ഥാൻ ടൈംസ് എടുത്തുകാട്ടിയതിന് ശേഷം, പാർക്ക് പരിപാലനത്തിന്റെ ഉത്തരവാദിത്തമുള്ള ദില്ലി ഡവലപ്മെന്റ് അതോറിറ്റി(ഡിഡിഎ), ബന്ധപ്പെട്ട ഏജൻസികളിലെ ഉദ്യോഗസ്ഥരോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ), ദില്ലി സർക്കാർ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കും.”

അടുത്തിടെ പണി തീർന്ന ടോയ്ലറ്റ് കോംപ്ലക്സ് അടച്ചിട്ടിരിക്കയാണ്. അത് തുറന്നുകിട്ടിയാലെങ്കിലും മതിയായിരുന്നു. വിചിത്രമാണ് അവിടത്തെ കാര്യങ്ങൾ.

കടപ്പാട്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments