Pravasimalayaly

പണിമുടക്കില്‍ യാത്ര തടസ്സപ്പെട്ടു; സിഐയെ വിളിച്ചു വരുത്തി മജിസ്‌ട്രേറ്റ്

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിളിച്ചു വരുത്തി. ഇന്‍സ്‌പെക്ടറോട് മജിസ്‌ട്രേറ്റ് വിശദീകരണം തേടി.

തിരുവനന്തപുരം പേട്ടയില്‍ വെച്ചാണ് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ യാത്ര തടസ്സപ്പെട്ടത്. പേട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ചാണ് വിശദീകരണം തേടിയത്. സമരക്കാര്‍ ഉള്ളതിനാല്‍ ബദല്‍ മാര്‍ഗം ഒരുക്കിയതാണെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് അശോകപുരത്ത് സമരക്കാര്‍ ഓട്ടോറിക്ഷ തടയുകയും ചില്ലു തകര്‍ക്കുകയും ചെയ്തു. കോഴിക്കോട് കൊങ്ങേരി സ്വദേശികളായ കുടുംബത്തെ ഇറക്കിവിട്ടു. കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും പരാതിയുയര്‍ന്നു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പാപ്പനംകോട് ഓട്ടോഡ്രൈവര്‍മാരെ സമരക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറിയിരിക്കുകയാണ്.  

Exit mobile version