Sunday, November 24, 2024
HomeNewsചലച്ചിത്രോസവ വിവാദം: നിലപാടിലുറച്ച് സര്‍ക്കാര്‍

ചലച്ചിത്രോസവ വിവാദം: നിലപാടിലുറച്ച് സര്‍ക്കാര്‍

മുൻവർഷങ്ങളിലെ പോലെ ഇക്കുറി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തില്‍ വിവാദം കൊഴുക്കുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. നാലിടങ്ങളിലായി മേള സംഘടിപ്പിക്കുന്നത് ശരിയായ തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാകാനിടയുണ്ട്. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാകാന്‍ പാടില്ല. അതു കൊണ്ടാണ് നാല് മേഖലകളായി തിരിച്ച് ചലച്ചിത്രോത്സവം നടത്താന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ മാറ്റമില്ല. അതേസമയം മേളയുടെ മുഖ്യവേദി തിരുവനന്തപുരത്തു നിന്നു മാറ്റാനും ഉദ്ദേശമില്ല. തിരുവനന്തപുരം തന്നെയാവും ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദിയെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഐഎഫ്എഫ്‌കെ പ്രാദേശിക പ്രദര്‍ശനം നടത്താറുണ്ട്. അതുകൊണ്ട് ഇതൊരു പുതിയ സംഭവമല്ല. തിരുവനന്തപുരത്ത് മാത്രമാണ് ഐഎഫ്എഫ്‌കെ നടത്തിയിരുന്നതെന്ന പരാമര്‍ശം തെറ്റാണെന്നും തിരുവനന്തപുരത്തെ സ്‌നേഹിക്കുന്നവര്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

25-ാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളില്‍ കൂടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഫെബ്രുവരി പത്ത് മുതല്‍ ഓരോ മേഖലയിലും അഞ്ച് ദിവസം വീതം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തരത്തില്‍ മേള സംഘടിപ്പിക്കാനാണ് തീരുമാനം എടുത്തത്. ഈ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എംപി, കെ.എസ് ശബരീനാഥന്‍ എംഎല്‍എ, സംവിധായകന്‍ ഡോ. ബിജു തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു രംഗത്തെത്തി. ഇതോടെ ചലച്ചിത്രമേള വിവാദം സാമൂഹ്യമാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments