ശ്രീനഗർ: ബിജെപിക്കെതിരെ വിമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അമേരിക്കയിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിക്കും ഇതുതന്നെ സംഭവിക്കും. ഇന്ന് ബിജെപിയുടെ സമയമാണ്. നാളെ നമ്മുടെ സമയം വരും. ട്രംപിന്റെ അവസ്ഥയാവും ബിജെപിക്കും – കശ്മീരിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മെഹ്ബൂബ പറഞ്ഞു. കശ്മീരിലെ ജനങ്ങളിൽനിന്ന് ഭൂമിയും തൊഴിലവസരങ്ങളും കവർന്നെടുക്കാനാണ് ബിജെപിയുടെ നീക്കമെന്ന് അവർ ആരോപിച്ചു. ജമ്മു കശ്മീരിനെ ബിജെപി വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. പുറത്തുള്ളവരെയെല്ലാം ക്ഷണിച്ചിരിക്കുന്നു. ജമ്മു കശ്മീരിന്റെ പതാക അവർ എടുത്തുമാറ്റി. എന്നാൽ പണ്ഡിറ്റുകളുടെ കാര്യം എന്തായി ? വലിയ വാഗ്ദാനങ്ങളാണ് ബിജെപി അവർക്ക് നൽകിയിരുന്നത്. കശ്മീരിലെ യുവാക്കൾ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. ആയുധം എടുക്കുകയല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാൻ കഴിയുന്നില്ല. ഭീകര സംഘടനകളുടെ റിക്രൂട്ട്മെന്റ് വർധിച്ചിരിക്കുന്നു. മറ്റുസംസ്ഥാനക്കാർക്കാണ് കശ്മീരിൽ ജോലി ലഭിക്കുന്നത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഹിന്ദുക്കളുമായോ മുസ്ലിങ്ങളുമായോ ബന്ധപ്പെട്ടതല്ല. കശ്മീരിന്റെ വ്യക്തിത്വം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ അംബേദ്കറുടെ ഭരണഘടനയേയും ദുരുപയോഗപ്പെടുത്തിയെന്നും അവർ ആരോപിച്ചു. Content Highlights:Trump has gone, so will BJP – Mehbooba Mufti