Pravasimalayaly

പാകിസ്താനില്‍ അവിശ്വാസ പ്രമേയം പാസായി, ഇമ്രാന്‍ പുറത്ത്

പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തായി. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായത്. ഭരണ കക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്ന് വിട്ടുനിന്നു.


വോട്ടെടുപ്പിന് തൊട്ടുമുന്‍പ് അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി വെച്ചിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കാണ് പാകിസ്താന്‍ വേദിയായത്. ഇമ്രാന്‍ വീട്ടുതടങ്കലിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഏപ്രില്‍ 11ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.


ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗികവസതി ഒഴിഞ്ഞു.
അവിശ്വാസ പ്രമേയ നടപടികള്‍ക്കായി ഇന്നലെ രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ വലിച്ചുനീട്ടുകയായിരുന്നു. രാത്രി 9നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാന്‍ ഖാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേനാ മേധാവി ഖമര്‍ ജാവേദ് ബജ്‌വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.
വോട്ടെടുപ്പിനു സഭാ സ്പീക്കര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാന്‍ നിര്‍ദേശം നല്‍കി. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിര്‍ണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളി.
രാവിലെ പത്തരമുതല്‍ 14 മണിക്കൂര്‍ നീണ്ട രാഷ്ട്രീയനാടകത്തിനാണ് ഇതോടെ വിരാമമായത്. രാവിലെ സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ എതിര്‍പ്പുകളെ അവഗണിച്ച് ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫിന്റെ (പിടിഐ) മന്ത്രിമാര്‍ നീണ്ട പ്രസംഗങ്ങളുമായി നടപടികള്‍ നീട്ടിക്കൊണ്ടുപോയി. പകല്‍ പലപ്പോഴായി നാലു തവണ സഭ നിര്‍ത്തിവച്ചു. രാത്രി എട്ടിനു ദേശീയ അസംബ്ലി വീണ്ടും ചേരുകയായിരുന്നു.
പാകിസ്താനില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version