Sunday, November 17, 2024
HomeSportsFootballയൂറോ കപ്പിലെ കറുത്ത കുതിരകളായ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി വെയ്ൽസ്

യൂറോ കപ്പിലെ കറുത്ത കുതിരകളായ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി വെയ്ൽസ്

യൂറോ കപ്പിലെ കറുത്ത കുതിരകളായ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി വെയ്ൽസ്. ആരോൺ റാംസിയും കോണർ റോബേർട്സുമാണ് ടീമിനായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ വെയ്ൽസ് നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. മറുവശത്ത് തുർക്കിയുടെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. യോഗ്യതാമത്സരങ്ങളിൽ വമ്പൻ ടീമുകളെ അട്ടിമറിച്ച് യോഗ്യത നേടിയെത്തിയ തുർക്കിയ്ക്ക് പക്ഷേ വെയ്ൽസിനെതിരേ ആ മികവ് പുറത്തെടുക്കാനായില്ല. ആദ്യ മത്സരത്തിൽ അവർ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും വെയ്ൽസ് പ്രതിരോധം പൊളിക്കാൻ തുർക്കിയ്ക്ക് കഴിഞ്ഞില്ല. രണ്ട് ഗോളുകൾക്കും അവസരമൊരുക്കിയ വെയ്ൽസ് നായകൻ ഗരെത് ബെയ്ൽ മികച്ച പ്രകടനം പുറത്തെടുത്തു. നീണ്ട 24 വർഷങ്ങൾക്ക് ശേഷം പരസ്പരം ഏറ്റുമുട്ടിയ വെയ്ൽസും തുർക്കിയും ആദ്യ മിനിട്ടുതൊട്ട് മികച്ച കളി പുറത്തെടുത്തു. ആറാം മിനിട്ടിൽ നായകൻ ഗരെത് ബെയ്ലിന്റെ മികച്ച പാസിൽ നിന്നും പന്ത് സ്വീകരിച്ച ആരോൺ റംസിയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. തൊട്ടുപിന്നാലെ തുർക്കി നായകൻ യിൽമാസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിൽ തൊട്ടുരുമ്മി കടന്നുപോയി. 23-ാം മിനിട്ടിൽ റാംസിയ്ക്ക് വീണ്ടും ഓപ്പൺ ചാൻസ് ലഭിച്ചു. ഇത്തവണയും ബെയ്ലാണ് പന്ത് നൽകിയത്. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ പന്ത് ലഭിച്ച റാംസി പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറത്തി. 30-ാം മിനിട്ടിൽ തുർക്കി മികച്ച മുന്നേറ്റം നടത്തി. എന്നാൽ തുടരെത്തുടരെ രണ്ട് ഗോൾലൈൻ സേവുകൾ നടത്തി വെയ്ൽസ് പ്രതിരോധ താരം മോറെൽ തുർക്കിയുടെ ശ്രമങ്ങൾ വിഫലമാക്കി. ഒടുവിൽ 42-ാം മിനിട്ടിൽ ആരോൺ റാംസി നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പ്രായശ്ചിത്തം ചെയ്തു. ഇത്തവണയും ഗരെത് ബെയ്ലാണ് റാംസിയ്ക്ക് ഗോളവസരം സമ്മാനിച്ചത്. ബോക്സിനകത്തേക്ക് ബെയ്ൽ ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച റാംസി അനായാസം പന്ത് വലയിലെത്തിച്ചു. ഗോൾ വീണതിനുപിന്നാലെ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ തുർക്കി സമനില ഗോൾ നേടുന്നതിനായി ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. 54-ാം മിനിട്ടിൽ വെയ്ൽസ് ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ തുർക്കി നായകൻ യിൽമാസിന് മികച്ച അവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 59-ാം മിനിട്ടിൽ ബോക്സിനുള്ളിൽ വെച്ച് ഗരെത് ബെയ്ലിനെ തുർക്കി പ്രതിരോധതാരം സെലിക് വീഴ്ത്തിയതിന്റെ ഭാഗമായി വെയ്ൽസിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. എന്നാൽ പെനാൽട്ടി കിക്കെടുത്ത ബെയ്ലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. മികച്ച പ്രകടനമാണ് രണ്ടാം പകുതിയിൽ തുർക്കി കാഴ്ചവെച്ചത്. പക്ഷേ വെയ്ൽസ് പ്രതിരോധം ഭേദിക്കാൻ തുർക്കിയ്ക്ക് സാധിച്ചില്ല. ഒടുവിൽ മത്സരം അവസാനിക്കുന്നതിന് സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ കോണർ റോബേർട്സിലൂടെ വെയ്ൽസ് രണ്ടാം ഗോൾ നേടി. ഈ ഗോൾ പിറന്നതും ഗരെത് ബെയ്ലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു. ഈ തോൽവിയോടെ ഗ്രൂപ്പിൽ രണ്ട് തോൽവികൾ വഴങ്ങിയ തുർക്കിയുടെ നോക്കൗട്ട് സാധ്യതകൾ ഏതാണ്ട് അസ്തമിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments