ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി പങ്കുവെച്ചു,ട്വിറ്ററിന് അമേരിക്കയില്‍ 1164 കോടി പിഴ

0
279

സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററിന് (Twitter) അമേരിക്കയില്‍ 1164 കോടി പിഴ. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും, യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (FTC) ഈ കേസില്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് പ്രകാരമാണ് ഈ തുക ട്വിറ്ററിന് നല്‍കേണ്ടിവരുക. ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്ന പരാതിയിലാണ് കേസ് നടന്നത്. 

2013 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഫോണ്‍ നമ്പര്‍, ഇ–മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും എന്ന് ഉപയോക്താക്കളോട് ട്വിറ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരസ്യ ആവശ്യങ്ങള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കും എന്ന് ട്വിറ്റര്‍ പറ‍ഞ്ഞില്ല.

എന്നാല്‍ ഉപയോക്താക്കളുടെ സമ്മതം ഇല്ലാതെ പരസ്യങ്ങള്‍ക്ക് ട്വിറ്റര്‍ ഇത് ഉപയോഗപ്പെടുത്തി എന്നാണ് പരാതിയില്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് യുഎസ് എഫ്ടിസി ആക്ടിന്‍റെയും, 2011 ലെ ഉത്തരവിന്‍റെയും പാശ്ചത്തലത്തിലാണ് ട്വിറ്ററിനെതിരെ കേസ് വന്നത്. ഈ കേസില്‍ ഇടപെട്ട യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മധ്യസ്ഥതയില്‍ ഇപ്പോള്‍ ഈ കേസ് വന്‍ തുക പിഴയോടെ ഒത്തുതീരുകയാണ്. 

ഉപഭോക്താക്കളുടെ പബ്ലിക് അല്ലാത്ത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ട്വിറ്റര്‍ ഉപഭോക്താക്കളെ കബളിപ്പിച്ചു എന്നാണ് കേസില്‍ ഉയര്‍ന്ന പ്രധാന ആരോപണം. 

ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരോട് ശേഖരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്ക് അല്ലാതെ, ശേഖരിക്കുന്ന വിവരങ്ങള്‍ യുഎസ് കമ്പനികള്‍ ഉപയോഗിക്കില്ലെന്ന യൂറോപ്യന്‍ യൂണിയന്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായി യുഎസിന് കരാറുണ്ട് അതിന്‍റെ ലംഘനം ഇവിടെ നടന്നുവെന്നാണ് പ്രധാനമായും ഈ കേസില്‍ ഉയര്‍ന്ന ആരോപണം.

പുതിയ ഒത്തുതീര്‍പ്പ് പ്രകാരം ട്വിറ്ററിന് 15 കോടി ഡോളര്‍  അഥവ 1164 കോടി രൂപ പിഴ നല്‍കേണ്ടി വരും. ഒപ്പം തന്നെ പുതിയ വ്യവസ്ഥകളും പാലിക്കാമെന്ന ഉറപ്പിലാണ് ഒത്തുതീര്‍പ്പ്.ബുധനാഴ്ചയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതായി പ്രഖ്യാപിച്ചത്. 

Leave a Reply