യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം

0
358

അബുദാബി: യുഎഇയുടെ തലസ്ഥാനമായ അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ഹൂതി തീവ്രവാദി മിലിഷ്യ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സേന തിങ്കളാഴ്ച തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകളുടെ ശകലങ്ങള്‍ വീഴുകയും ആക്രമണത്തില്‍ ആളപായമൊന്നുമില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ഏത് ഭീഷണികളെയും നേരിടാനുള്ള പൂര്‍ണ സന്നദ്ധത മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏത് ആക്രമണങ്ങളില്‍നിന്നും യുഎഇയെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു പറയുന്ന പ്രസ്താവന യുഎഇയുടെ ഔദ്യോഗിക അധികൃതരില്‍നിന്നുള്ള വാര്‍ത്തകള്‍ പിന്തുടരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഹൂതികള്‍ 17നു നടത്തിയ ഡ്രോണ്‍ ഡ്രോണ്‍ ആക്രമണമെന്നു കരുതുന്ന സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. 17നു പുലര്‍ച്ചെയായിരുന്നു സംഭവം.

മുസഫയിലെ ഐസിഎഡി 3-ല്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്)യുടെ സംഭരണ ടാങ്കുകള്‍ക്കു സമീപമാണു ആദ്യ സ്ഫോടനമുണ്ടായത്. മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചതായി അബുദാബി പൊലീസിന്റെ ഉദ്ധരിച്ച് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു സംഭവത്തില്‍ വിമാനത്താവളത്തിന്റെ നിര്‍മാണമേഖലയിലും നേരിയ തീപ്പിടുത്തമുണ്ടായിരുന്നു.

അഡ്‌നോക് തൊഴിലാളികളാണ് മുസഫയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരു സ്ഥലങ്ങളിലും വീണ വസ്തുക്കള്‍ ഡ്രോണുകളുടേതാകാന്‍ സാധ്യതയുള്ള ചെറിയ പറക്കുന്ന വസ്തുക്കളാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതെന്നു യുഎഇ അറിയിച്ചിരുന്നു.

Leave a Reply