അമരാവതിയില്‍ മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ ചേര്‍ത്ത് എന്‍ഐഎ

0
19

മഹാരാഷ്ട്രയിലെ അമരാവതിയില്‍ മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ വകുപ്പ് ചേര്‍ത്ത് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങി.കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തി. അമരാവതിയില്‍ നടന്നത് ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണെന്ന് എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.

ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകള്‍ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്‌റാവു കോല്‍ഹെ (54) വാട്സാപ്പില്‍ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുഖ്യപ്രതി ഇര്‍ഫാന്‍ ഖാന്‍ (32) അടക്കമുള്ള പ്രതികള്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.

അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തില്‍ സംശയവും പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ഉമേഷിന്റെ കൊലപാതകത്തിന് ഉദയ്പുരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി ആരോപിച്ചിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്.

Leave a Reply