Saturday, November 23, 2024
HomeNewsസീറ്റ് വിഭജനം പൂർത്തിയാക്കാൻ മുന്നണികൾ

സീറ്റ് വിഭജനം പൂർത്തിയാക്കാൻ മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തില്‍ യുഡിഎഫും എല്‍ഡിഎഫും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയ നടപടികളിലേക്കു കടക്കാനാണു ശ്രമം.
യുഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചര്‍ച്ച ഇന്നു പുനരാരംഭിക്കും. ജോസഫ് വിഭാഗം 13 സീറ്റ് വരെയാണ് ആവശ്യം ഉന്നയിച്ചത്. 12 സീറ്റു നല്‍കിയാല്‍ മയപ്പെടാമെന്നാണു ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍, ജോസഫ് വിഭാഗത്തിന് ഒന്‍പതു സീറ്റ് വരെയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഇന്നു നടക്കുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാണ്.
ഇന്നലെ നടന്ന ഉഭയകകക്ഷി ചര്‍ച്ചയില്‍ മുസ്‌ലീം ലീഗിന് മൂന്നു സീറ്റ് അധികം നല്‍കി. ഇതോടെ ലീഗ് 27 സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണ 24 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചത്. രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസും ലീഗും പരസ്പരം വച്ചുമാറാനും തീരുമാനിച്ചു.
മറ്റുള്ള ഘടകക്ഷികളുമായി നടത്തിയ ഉഭയകകക്ഷി ചര്‍ച്ചയില്‍ നിലവിലെ സ്ഥിതി തുടരാനാണ് ധാരണ. ആര്‍എസ്പിക്ക് അഞ്ച് സീറ്റും കേരള കോണ്‍ഗ്രസ്- ജേക്കബിന് ഒരു സീറ്റും നേരത്തെ നടത്തിയ ഉഭയകകക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നു. മറ്റുള്ള ഘടകകക്ഷികള്‍ക്കും ഓരോ സീറ്റ് വീതം നല്‍കും. മൂന്നിനു ചേരുന്ന യുഡിഎഫില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായാല്‍ കോണ്‍ഗ്രസും ഘടകകക്ഷികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്കു കടക്കും. കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ അടിയന്തര യോഗം നാളെ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എഐസിസി നിയോഗിച്ച ഏജന്‍സിയും സാധ്യതാ സ്ഥാനാര്‍ഥികളുടെ പട്ടിക കൈമാറിയിട്ടുണ്ട്. കഴിഞ്ഞ തവണ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 90 ല്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. മുസ്‌ലീംലീഗ് അടക്കമുള്ള ഘടകകക്ഷികളും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഉഭയകകക്ഷി ചര്‍ച്ച ഇന്നു നടക്കും. ഇതോടൊപ്പം പുതിയ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ്- എം, എല്‍ജെഡി എന്നിവരുമായും ഇന്നു ചര്‍ച്ച നടക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ അടക്കം സിപിഐ 27 സീറ്റില്‍ മത്സരിച്ചിരുന്നു. ഇക്കുറി രണ്ടോ മൂന്നോ സീറ്റിന്റെ കുറവെങ്കിലും സിപിഐയ്ക്ക് ഉണ്ടാകുമെന്നാണു കരുതുന്നത്. പുതിയ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിനായി സിപിഎമ്മും സീറ്റുകള്‍ വിട്ടു നല്‍കും. കേരള കോണ്‍ഗ്രസ്- എം 15 സീറ്റ് ചോദിച്ചെങ്കിലും 13 സീറ്റെങ്കിലും ലഭിക്കണമെന്ന ആവശ്യമാണു മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍, കേരള കോണ്‍ഗ്രസിന് ശക്തിയുള്ള പ്രദേശങ്ങളില്‍ അടക്കം 10 സീറ്റ് വരെ നല്‍കുന്നതില്‍ തടസമില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എല്‍ജെഡിക്ക് നാലു സീറ്റ് നല്‍കിയേക്കും. ഇതില്‍ ഒരെണ്ണം നിലവിലെ ഘടകക്ഷിയായ ജെഡിഎസില്‍ നിന്നാണ് നല്‍കുക. ഇരു ജനതാദളും യോജിക്കണമെന്ന നിര്‍ദേശം നടപ്പാകാത്തതിനെ തുടര്‍ന്ന് ഇടതു മുന്നണിയില്‍ ജെഡിഎസും എല്‍ജെഡിയും രണ്ടു പാര്‍ട്ടികളായി തന്നെ തുടരും.
നിലവില്‍ നാലു സീറ്റുള്ള എന്‍സിപിക്ക് ഇക്കുറി രണ്ടു സീറ്റ് മാത്രമാകും ലഭിക്കുക. കഴിഞ്ഞ തവണ നാലു സീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒന്നോ രണ്ടോ സീറ്റ് മാത്രമാകും ലഭിക്കുക. ഇടതു സ്വതന്ത്രരായി മത്സരിച്ച മറ്റു ചിലരുടെ സീറ്റുകള്‍ പിടിച്ചെടുക്കുന്നതും പരിഗണിക്കുന്നുണ്ട്.
സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ നടപടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റികള്‍ ഇന്നു മുതല്‍ ചേരും. നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും അഞ്ചിന് സംസ്ഥാന സമിതിയും ചേരും. തുടര്‍ന്നുള്ള ഏതു ദിവസവും സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകാം. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിക്കുന്നതോടെ സിപിഐയും സ്ഥാനാര്‍ഥി പ്രഖ്യാപന നടപടിയിലേക്കു കടക്കും. ഈ ആഴ്ച അവസാനത്തോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിജയ യാത്രയിലായതിനായില്‍ ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. മൂന്നിന് ഔദ്യോഗിക ചര്‍ച്ച വിളിച്ചിട്ടുണ്ട്. യാത്രയുടെ സമാപനത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചകളിലാകും അന്തിമ രൂപമാകുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments